Archived Articles

ഡോ.ഹനാദി അല്‍ ഹമദിനെ കള്‍ച്ചറല്‍ ഫോറം ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:പ്രവാസി സമൂഹത്തിനിടയില്‍ കള്‍ച്ചറല്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് ലോക ആരോഗ്യ സംഘടന അവാര്‍ഡ് ജേതാവും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. ലോക ആരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അല്‍ അഹമദ് അവാര്‍ഡ് നേടിയ ഹനാദിയുമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കള്‍ച്ചര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചത്.

കോവിഡ് കാലഘട്ടത്തില്‍ പ്രവാസി സമൂഹത്തിനായി കള്‍ച്ചറല്‍ ഫോറം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. ഖത്തര്‍ റിഹാബിലിറ്റേഷന്‍ സെന്ററിന് കീഴില്‍ പ്രവാസി സമൂഹത്തിന് ഉള്‍പ്പെടെ നടന്നുവരുന്ന വിവിധങ്ങളായ ആരോഗ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹനാദി വിശദീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ കള്‍ച്ചറല്‍ ഫോറം പോലുള്ള സംഘടനകള്‍ക്ക് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കള്‍ച്ചര്‍ ഫോറത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും പിന്തുണക്കാന്‍ റിഹാബിലിറ്റേഷന് സാധിക്കുമെന്നും ഭാവിയില്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാകുന്ന സഹായങ്ങളും പിന്തുണയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ലോക ആരോഗ്യ സംഘടനയുടെ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അവാര്‍ഡ് നേടിയ റുമൈല ഹോസ്പിറ്റലിന്റെയും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടര്‍ ഹനാദി അല്‍ ഹമദിനുള്ള കള്‍ച്ചറല്‍ ഫോറം മൊമെന്റോ ഭാരവാഹികള്‍ കൈമാറി. ഇത്തരം ആദരവുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ഹനാദി അല്‍ ഹമദിന് ശൈഖ് സബാഹ് അല്‍ അഹ്‌മദ് അവാര്‍ഡ് ലഭിച്ചത്.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മുന്‍ പ്രസിഡന്റ് ഡോ.താജ് ആലുവ, സംസ്ഥാന സമിതി അംഗം സാദിഖ് ചെന്നാടന്‍, കമ്മ്യൂണിറ്റി സര്‍വീസ് കണ്‍വീനര്‍ നജ്‌ല നജീബ്, ഷാജി കോട്ടക്കല്‍ തുടങ്ങിയവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!