കോവിഡ് മൂന്നാം തരംഗം കൂടുതല്‍ കുട്ടികളേയും സ്ത്രീകളേയും ബാധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മൂന്നാം തരംഗം ഖത്തറില്‍ കൂടുതല്‍ കുട്ടികളേയും സ്ത്രീകളേയും ബാധിച്ചതായി റിപ്പോര്‍ട്ട്. ആദ്യ രണ്ട് തരംഗങ്ങളിലും ഉണ്ടായിരുന്നതിലും കൂടുതല്‍ കുട്ടികളേയും സ്ത്രീകളെയും വിശിഷ്യ ഗര്‍ഭിണികളെ മൂന്നാം തരംഗം ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി വകറ ആശുപത്രിയിലും സ്്ര്രതീകള്‍ക്കായി ക്യൂബന്‍ ഹോസ്പിറ്റലിലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു. വകറ ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള അല്‍ മഹാ സെന്ററില്‍ 50 കിടക്കകളും മെഡിക്കല്‍ നിരീക്ഷണത്തിന് 24 കിടക്കകളും ഐസിയുവിന് നാല് കിടക്കകളുമുണ്ട്. വേണ്ടി വന്നാല്‍ ഇത് 140 കിടക്കകളാക്കി ഉയര്‍ത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ അതിവേഗം പടരുന്ന കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കാരണണം വര്‍ദ്ധിച്ചുവരുന്ന കോവിഡ് രോഗികളെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ ആശുപത്രി കിടക്കകള്‍ പൊതുജനാരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ (സിഡിസി), ക്യൂബന്‍ ഹോസ്പിറ്റല്‍, ഹസം മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ധാരാളം ഐസിയു കിടക്കകളടക്കം സജ്ജമാണ് . ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് മന്ത്രാലയം ചെയ്തുവെച്ചിട്ടുള്ളത്. ആവശ്യമായി വന്നാല്‍ മുന്‍ തരംഗങ്ങളില്‍ കോവിഡ്-19 രോഗികള്‍ക്കായി നീക്കിവച്ചിരുന്ന മിസഈദ് ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍ തുടങ്ങിയവയും പ്രയോജനപ്പെടുത്തുമെന്ന് ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.