Breaking NewsUncategorized

രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കണം – ഫോക്കസ് സൗഹൃദ സദസ്സ്

ദോഹ: മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ സ്വത്വങ്ങളെ കോര്‍ത്തിണക്കി ഇന്ത്യയെന്ന രാജ്യത്തെ വിഭാവനം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാതെ പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സാധിക്കില്ലെന്ന് ഫോക്കസ് സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. ജാതി-മത-വേഷ-ഭാഷകള്‍ക്കതീതമായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഒരുമയോടെ ജീവിക്കാന്‍ ആവശ്യമായ മുഴുവന്‍ നിയമങ്ങളും ഉള്‍പ്പെടുത്തിയ സമുന്നതമായ ഭരണഘടന നിര്‍മ്മിക്കാനും അക്കാലത്തെ രാഷ്ട്ര നേതാക്കള്‍ ശ്രദ്ധ ചെലുത്തി. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ രാജ്യത്തെ ഭരണഘടന മുന്നോട്ടുവെക്കുന്ന ഐക്യവും അഖണ്ഠതയും നാനത്വത്തില്‍ ഏകത്വവും കാത്തു സൂക്ഷിക്കാന്‍ പൗരന്മാര്‍ ബാധ്യസ്തരാണ്. അതിനായി രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള യുവജന സംഘടനകള്‍ ശ്രമിക്കേണ്ടതുണ്ട് എന്നും സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ‘വി ദ പീപ്പിള്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നിരവധി പേരുണ്ട്, അവരുടെ പിന്‍ഗാമികളായ നമ്മളാണ് ഇത്തരമൊരു ദിനം ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഐ സി സി മുംബൈ ഹാളില്‍ വെച്ച് നടത്തിയ സൗഹൃദ സദസ്സില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സലീം നാലകത്ത് (കെ എം സി സി), ഇ എം സുധീര്‍ (സംസ്‌കൃതി ഖത്തര്‍), ഡോ. താജ് ആലുവ (കള്‍ച്ചറല്‍ ഫോറം), കെ എന്‍ സുലൈമാന്‍ മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹീ സെന്റര്‍), അഷ്‌റഫ് നന്നമുക്ക് (ഇന്‍കാസ് ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി എഫ് ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. ഇവന്റ്‌സ് മാനേജര്‍ മൊയ്ദീന്‍ ഷാ വിഷയമവതരിപ്പിച്ചു. അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്‌മാന്‍ എ എസ്, മാര്‍ക്കറ്റിംങ് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. പരിപാടി ദേശീയ ഗാനാലാപനത്തോടെയാണ് സമാപിച്ചത്. പരിപാടിക്ക് ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, നാസര്‍ ടി പി, ഷജീഹ്, ഡോ. റസീല്‍ മൊയ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!