ഇന്ന് മുതല്‍ ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററില്‍ പി.സി.ആര് പരിശോധനയും ബൂസ്റ്റര്‍ വാക്സിനും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് മുതല്‍ ലുസൈല്‍ കോവിഡ്-19 ഡ്രൈവ്-ത്രൂ സെന്ററില്‍ പി.സി.ആര് പരിശോധനയും ബൂസ്റ്റര്‍ വാക്സിനും
ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ഭീഷണി സൃഷ്ടിക്കുകയും പി.സി.ആര്. പരിശോധനക്കുള്ള ഡിമാന്റ് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലുസൈല്‍ ഡ്രൈവ് ത്രൂ സെന്റര്‍ സ്ഥാപിച്ചത്. എന്നാല്‍ കോവിഡ് ടെസ്റ്റിംഗ്് പ്രോട്ടോക്കോളില്‍ വരുത്തിയ മാറ്റവും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതും പി.സി.ആര്. പരിശോധനക്കുള്ള ഡിമാന്റ് കുറച്ച സാഹചര്യത്തിലാണ് ഈ കേന്ദ്രം ബൂസ്റ്റര്‍ വാക്സിനേഷനായി ഭാഗികമായി പ്രയോജനപ്പെടുത്തുന്നത്.
2022 ജനുവരി 26 മുതല്‍, പത്ത്-വരി ഡ്രൈവ്-ത്രൂ സെന്ററിന്റെ ആറ് ലെയ്നുകള്‍ ബൂസ്റ്റര്‍ വാക്സിനേഷനായി നീക്കിവെക്കും, ശേഷിക്കുന്ന നാല് പാതകള്‍ യോഗ്യരായ ഗ്രൂപ്പുകള്‍ക്ക് പി.സി.ആര്. പരിശോധനയും നല്‍കും.
ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററില്‍ ഒന്നും രണ്ടും ഡോസ് വാക്സിനുകള്‍ ലഭിക്കുകയില്ലെന്നും ബൂസ്റ്റര്‍ വാക്സിന് മാത്രമേ ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ കണിശമായും അപ്പോയിന്റ്മെന്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കും ബൂസ്റ്റര്‍ വാക്സിന് നല്‍കുക.
ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന്, വ്യക്തികള്‍ക്ക് അവരുടെ സമയ സ്ലോട്ട് വ്യക്തമാക്കുന്ന ഒരു എസ്എംഎസ് ആവശ്യമാണ്.