Breaking NewsUncategorized

വ്യാപകമായ ബോധവല്‍ക്കരണവും രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും ആരോഗ്യ സംരക്ഷണം എളുപ്പമാക്കും : ഡോ. സാമിയ അഹമ്മദ് അല്‍ അബ്ദുള്ള

അമാനുല്ല വടക്കാങ്ങര

ദോഹ. വ്യാപകമായ ബോധവല്‍ക്കരണവും രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും ആരോഗ്യ സംരക്ഷണം എളുപ്പമാക്കുമെന്ന് ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സാമിയ അഹമ്മദ് അല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബയുമായി സഹകരിച്ച് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് ഫോര്‍ ആള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഖത്തറിലെ വിവിധ കമ്മ്യൂണിറ്റികളുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയെന്നത് പൊതുജനാരോഗ്യ രംഗത്തെ ഖത്തറിന്റെ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു.

പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനമെന്ന കാര്യത്തില്‍ സംശയമില്ല. ജീവിത ശൈലി രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും നേരത്തെ കണ്ടെത്തുന്നത് ആരോഗ്യ പ്രതിസന്ധി ലഘൂകരിക്കുവാന്‍ സഹായകമാകുമെന്ന് ഈ രംഗത്ത് മെഡിക്കല്‍ ക്യാമ്പ് ഏറെ പ്രയോജനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഖത്തറിലെ ആരോഗ്യ രംഗം ലോകാടിസ്ഥാനത്തില്‍ തന്നെ മികച്ചതാണെന്ന് കോവിഡിനെ പ്രതിരോധിച്ചതിലും ഫിഫ 2022 ലോക കപ്പ് സംഘാടനത്തിലും വ്യക്തമായതാണെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ല്ബ്ബ് പ്രസിഡണ്ട് ഡോ. ബിജു ഗഫൂര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. അംന അബ്ദുറഹീം അല്‍അന്‍സാരി (ഡയറക്ടര്‍, ഉമ്മുല്‍സനീം ഹെല്‍ത്ത് സെന്റര്‍), നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ദകല്‍ , ശ്രീലങ്കന്‍ അംബാസഡര്‍ മുസ്തഫ മുഹിയദ്ദീന്‍ , ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
സി.ഐ.സി ജന.സെക്രട്ടറി നൗഫല്‍ പാലേരി സ്വാഗതവും പി.പി.അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.
അബ്ദുറഹീം ഖുര്‍ആന്‍ പാരായണം നടത്തി.

Related Articles

Back to top button
error: Content is protected !!