Breaking News

2021 ല്‍ ആയിരത്തിലധികം സര്‍ജറികള്‍ നടത്തി എച്ച്എംസിയുടെ ന്യൂറോ സര്‍ജറി വിഭാഗം

അമാനുല്ല വടക്കാങ്ങര

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ന്യൂറോ സര്‍ജറി വിഭാഗം 2021 ല്‍ ആയിരത്തിലധികം സര്‍ജറികള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഇത് ഈ സ്‌പെഷ്യാലിറ്റിയിലെ ശസ്ത്രക്രിയാ പ്രവര്‍ത്തനത്തിലെ വലിയ കുതിച്ചുചാട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിനുള്ള 177 മസ്തിഷ്‌ക ശസ്ത്രക്രിയകള്‍, 300-ലധികം നട്ടെല്ല് ശസ്ത്രക്രിയകള്‍, മസ്തിഷ്‌കാഘാതം, സെറിബ്രോവാസ്‌കുലര്‍ രോഗങ്ങള്‍, മറ്റ് ന്യൂറോ സര്‍ജിക്കല്‍ അവസ്ഥകള്‍ ചികിത്സിക്കുന്നതിനുള്ള മറ്റ് ശസ്ത്രക്രിയകളുമടക്കമാണിത്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ന്യൂറോ സര്‍ജറി വിഭാഗം ഓരോ വര്‍ഷവും നടത്തുന്ന ശസ്ത്രക്രിയകളുടെ തരത്തിലും എണ്ണത്തിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

എച്ച്എംസിയിലെ ന്യൂറോസര്‍ജിക്കല്‍ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ആത്മവിശ്വാസം വര്‍ധിപ്പിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ന്യൂറോ സര്‍ജറി വിഭാഗം ഊന്നല്‍ നല്‍കുന്നതെന്ന് എച്ച്എംസിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സിറാജെദ്ദീന്‍ ബെല്‍ഖയര്‍ പറഞ്ഞു. എച്ച്എംസിയില്‍ നല്‍കുന്ന ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരത്താല്‍ രോഗികള്‍ വിദേശത്ത് ചികിത്സ തേടുന്നതിന് പകരം പ്രാദേശികമായി ന്യൂറോ സര്‍ജറി സേവനങ്ങള്‍ തിരഞ്ഞെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഉണര്‍ന്നിരിക്കുന്ന രോഗികളില്‍ നടത്തിയ 10-ലധികം ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍, ഇന്‍ട്രാ ഓപ്പറേറ്റീവ് ഇലക്ട്രോഎന്‍സെഫലോഗ്രാഫി ബ്രെയിന്‍ മാപ്പിംഗ് ഉപയോഗിച്ച് അപസ്മാരത്തിനുള്ള നാല് മസ്തിഷ്‌ക ശസ്ത്രക്രിയകള്‍ , മൊയാമോയ രോഗമുള്ള ഒരു രോഗിക്ക്്, മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ബ്രെയിന്‍ റീ-വാസ്‌കുലറൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ബ്രെയിന്‍ ബൈപാസ് സര്‍ജറി.എന്നിവയുള്‍പ്പെടെ ഖത്തറില്‍ ആദ്യമായി അത്യധികം സങ്കീര്‍ണ്ണമായ നിരവധി ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് വിജയിച്ചതായി ഡോ. ബെല്‍ഖെയര്‍ സൂചിപ്പിച്ചു. മോയാമോയ രോഗബാധിതരായ രോഗികള്‍ക്ക് ഈ ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ഏക സ്ഥാപനം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ് .

എച്ച്എംസിയുടെ ന്യൂറോ സര്‍ജറി റെസിഡന്‍സി പ്രോഗ്രാം 2021 ജൂലൈയില്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ – ഇന്റര്‍നാഷണലില്‍ നിന്ന് അക്രഡിറ്റേഷന്‍ നേടി, ഇത് റെസിഡന്‍സി, ഇന്റേണ്‍ഷിപ്പ്, ഫെലോഷിപ്പ് പ്രോഗ്രാമുകളിലൂടെ മെഡിക്കല്‍ ബിരുദധാരികളെ പരിശീലിപ്പിക്കുന്ന രീതിയിലെ മികവ് തെളിയിക്കുന്നു.

അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ – ഇന്റര്‍നാഷണലില്‍ നിന്ന് അക്രഡിറ്റേഷന്‍ നേടുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്തുള്ള രണ്ടാമത്തെ പ്രോഗാമാണ് എച്ച്എംസിയുടെ ന്യൂറോ സര്‍ജറി റെസിഡന്‍സി പ്രോഗ്രാം .

Related Articles

Back to top button
error: Content is protected !!