IM SpecialUncategorized

വൈക്കം മുഹമ്മദ് ബഷീര്‍, കാലങ്ങളെ അതിജീവിച്ച എഴുത്തുകാരന്‍

ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി, ഗള്‍ഫ് പ്രകാശനം ജൂലൈ 5 ന് ദോഹയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

മലയാള സാഹിത്യത്തില്‍ കാലങ്ങളെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നും സജീവമായി വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുകയാണ് . മലയാള സാഹിത്യലോകത്ത് സ്വന്തമായ ഭാഷാ പ്രയോഗങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച വിഖ്യാത എഴുത്തുകാരന്‍ എന്ന നിലക്ക് സാഹിത്യ കുതുകികളെ പിടിച്ചിരുത്തുന്ന ബഷീറിന്റെ രചനകള്‍ നൂതനമായ വായനതലങ്ങളാണ് സമ്മാനിക്കുന്നത്.

”എന്റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും ? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്റേത് എന്ന് പറയാന്‍ എന്താണുള്ളത് ? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതുമാണല്ലോ” എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ സ്വന്തം രചനകളെക്കുറിച്ച് പറഞ്ഞതെങ്കിലും കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് ബഷീര്‍ ഇന്നും സജീവമായി വായിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യവും ജീവിതവും അപഗ്രഥിക്കുന്ന ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ബഷീറിയന്‍ സാഹിത്യ ചിന്തകള്‍ ഒരിക്കല്‍ കൂടി വിശകല വിധേയമാക്കുന്നത്. ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററും പ്രമുഖ സാഹിത്യ നിരൂപകനുമായ പ്രൊഫ. എം.കെ. സാനുമാഷ് പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞത്, ‘അനശ്വരതയുടെ താക്കോല്‍ ദൈവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് ബഷീര്‍’ എന്നാണ്. ഉന്മാദത്തില്‍ നിന്നാണ് സര്‍ഗാത്മക എഴുത്ത് ഉണ്ടാകുന്നത് എന്ന പ്ലേറ്റോയുടെ നിരീക്ഷണം സൂചിപ്പിച്ചു കൊണ്ട്, ബഷീറിന്റെ കാര്യത്തില്‍ അത് തികച്ചും ശരിയാണെന്ന് സാനുമാഷ് എടുത്തുപറഞ്ഞു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘പാത്തുമ്മായുടെ ആട്.’ മാനസികാസ്വാസ്ഥ്യത്തിന് ഇടയിലാണ് ബഷീര്‍ ആ കൃതി രചിച്ചത്. എഴുതിയത് പലതവണ മാറ്റിയെഴുതി ഔല്‍കൃഷ്ട്യം വരുത്തുന്ന തന്റെ പതിവിന് വിപരീതമായി, ‘പാത്തുമ്മായുടെ ആട്’ അദ്ദേഹം മാറ്റിയെഴുതുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അതൊരു അത്യപൂര്‍വമായ അല്‍ഭുത ശില്‍പമായി പരിലസിക്കുന്നു. അതുകൊണ്ടാണ് ടി. പദ്മനാഭന്‍ പറഞ്ഞത്, ‘പാത്തുമ്മായുടെ ആടിന്റെ കര്‍ത്താവിന് ജ്ഞാനപീഠം ലഭിച്ചിട്ടില്ലെങ്കില്‍ അതിന്റെ കുറവ് അദ്ദേഹത്തിനല്ല, ജ്ഞാനപീഠക്കാര്‍ക്കാണ്’ എന്ന്.

ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ചനും കുഞ്ചന്‍ നമ്പ്യാര്‍ക്കും സമശീര്‍ഷനായ എഴുത്തുകാരനാണ് ബഷീര്‍ . അങ്ങനെ വേറൊരാള്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല. ബഷീറിനുള്ള ഉചിതമായ ഉപഹാരമാണ് ‘വര്‍ത്തമാനത്തിന്റെ ഭാവി’ എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടത്.

ബഷീര്‍ ദിവംഗതനായിട്ടും അത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും ബഷീര്‍ സ്മരിക്കപ്പെടുന്നു, കൂടുതല്‍ കൂടുതല്‍ വായിക്കപ്പെടുന്നു, ഹൃദയപൂര്‍വം സ്നേഹിക്കപ്പെടുന്നു. വളരെക്കാലമായി വിപണിയില്‍ ലഭ്യമല്ലാതിരുന്ന ഈ ഗ്രന്ഥം വര്‍ധിച്ച ആവേശത്തോടു കൂടിയാണ് വായനാപ്രിയര്‍ ഇപ്പോള്‍ സ്വന്തമാക്കുന്നത്. ബഷീറിന്റെ കാലത്ത് ജീവിച്ചവരും ഒരേ വഴിയില്‍ ഒന്നിച്ച് സഞ്ചരിച്ചവരും ബഷീറിന്റെ ബഹു വിചിത്രമായ ജീവിതത്തെയും സാഹിത്യരചനയെയും അടുത്തു നിന്ന് കണ്ടനുഭവിച്ചവരുമായ 75-ലധികം എഴുത്തുകാര്‍ അണിനിരക്കുന്ന ഗംഭീര അക്ഷരസദ്യയാണ് ‘ബഷീര്‍: വര്‍ത്തമാനത്തിന്റെ ഭാവി’ എന്ന ഗ്രന്ഥം.

ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അദ്വിതീയതയാണ് ബഷീറിയന്‍ എഴുത്തിന്റെ സവിശേഷത. ബഷീറിന് സന്തതികള്‍ സാധ്യമല്ല എന്ന് പണ്ടൊരു നിരൂപകന്‍ പറഞ്ഞതിന്റെ പൊരുളും ഇതു തന്നെയാണ്.

എം.ടി.യുടെ മനോഹര അവതാരിക ‘വര്‍ത്തമാനത്തിന്റെ ഭാവി’ക്ക് തിലകം ചാര്‍ത്തുന്നു. എം. മുകുന്ദന്റെ (ഇതേ പേരിലുള്ള) മുഖലേഖനം മൊത്തം ഗ്രന്ഥത്തിന്റെ ദിശ നിര്‍ണയിക്കുകയും ചെയ്യുന്നു. 75-ലധികം സാഹിത്യ, സാംസ്‌കാരിക പ്രതിഭകളുടെ സ്മരണകളും പഠനങ്ങളും ബഷീറിന്റെ അപൂര്‍വ ഫോട്ടോകളും ഉള്‍കൊള്ളുന്ന ഒരു അത്യപൂര്‍വ പ്രസിദ്ധീകരണമാണ് ‘വര്‍ത്തമാനത്തിന്റെ ഭാവി’ എന്ന ഗ്രന്ഥം. തകഴിയും പൊന്‍കുന്നം വര്‍ക്കിയും എം.ടി.യും ഉറൂബും ഒ.എന്‍.വി.യും മമ്മൂട്ടിയും എം.വി. ദേവനും യു.എ. ഖാദറും തുടങ്ങി 20 പേരുടെ സ്മരണകള്‍ ; എം.എന്‍. വിജയനും സച്ചിദാനന്ദനും ടി. പദ്മനാഭനും എം.കെ. സാനുവും യു.ആര്‍. അനന്തമൂര്‍ത്തിയും എന്‍.പി. മുഹമ്മദും ഒ.വി. വിജയനും അഴീക്കോടും എം.എന്‍. കാരശ്ശേരിയും ആഷറും എം. കൃഷ്ണന്‍ നായരും എം.പി. പോളും എ. ബാലകൃഷ്ണപിള്ളയും അടൂര്‍ ഗോപാലകൃഷ്ണനും ഉള്‍പ്പെടെ 53 പേരുടെ പഠനങ്ങള്‍ ; എന്‍.എന്‍. പിള്ള ഉള്‍പ്പെടെ 3 പേര്‍ നടത്തിയ അഭിമുഖങ്ങള്‍ ; ബഷീറിനെപ്പറ്റി ബഷീര്‍ തന്നെ എഴുതിയ ആത്മകഥാ കുറിപ്പുകള്‍ ; റസാഖ് കോട്ടക്കള്‍ ഉള്‍പ്പെടെ പ്രഗല്‍ഭ ഫോട്ടോഗ്രാഫര്‍മാരുടെ അപൂര്‍വ ബഷീര്‍ ചിത്രങ്ങള്‍… ഇത്രക്ക് സമ്പന്നമായ ഒരു സ്മാരക ഗ്രന്ഥം മലയാളത്തില്‍ മറ്റൊരു എഴുത്തുകാരെ പറ്റിയും ഇന്നോളം ഉണ്ടായിട്ടില്ലെന്നാണ് തോന്നുന്നത്.

600-പരം പേജുകളുള്ള ഈ സ്മാരക ഗ്രന്ഥം ആശയം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഗള്‍ഫിലെ വായനക്കാര്‍ക്കെത്തിക്കുന്നതിനുള്ള പദ്ധതിയുമായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് രംഗത്ത് വന്നിട്ടുണ്ട്. പുസ്‌കത്തിന്റെ ഗള്‍ഫിലെ പ്രകാശനം ജൂലൈ 5ന് ദോഹയില്‍ നടക്കും.

ജൂലൈ 5ന് ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മദിനം കൂടിയാകുമ്പോള്‍ വിശകലനം കൂടുതല്‍ പ്രസക്തമാകും. ലളിത സുന്ദരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്മയമായി മാറിയ വൈക്കം മുഹമ്മദ് ബഷീറെന്ന ബേപ്പീര്‍ സുല്‍ത്താനെ ഓര്‍മിപ്പിക്കുവാന്‍ മലയാളിക്ക് ഒരു പ്രത്യേക ദിവസം വേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിത്യവും വായന ലോകത്ത് സജീവമായി നിലകൊള്ളുന്ന സാന്നിധ്യമാണ് അദ്ദേഹം.

ഓരോ സാഹിത്യകാരനേയും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമാണ് നാം വായിക്കാനിഷ്ടപ്പെടുക. ഭാഷയിലും സാഹിത്യത്തിലുമുള്ള എല്ലാ മാമൂലുകളേയും അനാചാരങ്ങളേയും തിരസ്‌ക്കരിച്ച് ആഴമേറിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മലയാള ഭാഷയില്‍ സ്വന്തമായ ശൈലിയും പ്രയോഗങ്ങളും നട്ടുവളര്‍ത്തിയ ബഷീറിയന്‍ സാഹിത്യം ഏത് സന്ദര്‍ഭങ്ങളിലും വായിക്കപ്പെടു
ന്നവയാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രമുഖരായ പല എഴുത്തുകാരുടേയും പല കൃതികളും കാലത്തിന്റെ പ്രയാണത്തില്‍ കാലഹരണപ്പെടാം. എന്നാല്‍ കാലത്തിന്റെ മുഹൂര്‍ത്തങ്ങളിലും സമയത്തിന്റെ സന്ധികളിലും തളച്ചിടാന്‍ കഴിയാത്ത എഴുത്തുകാരനാണ് ബഷീര്‍. കാലത്തിന്റെ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് ഓരോ എഴുത്തുകാരനേയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഒരു കാലത്ത് മനുഷ്യ ചിന്തയേയും ജീവിതത്തേയും പിടിച്ച് കുലുക്കിയ ലോക പ്രശസ്ത സാഹിത്യകാരന്‍മാര്‍ പോലും പാഠപുസ്തകത്തിന്റെ താളുകളിലേക്ക് ചുരുങ്ങുമ്പോള്‍ കാലത്തിന്റെ വികൃതികള്‍ക്കടിപ്പെടാതെ, പിടികൊടുക്കാതെ കടന്നുപോയ സാഹിത്യകാരനാണ് ബഷീര്‍. കാലത്തേയും സമയത്തേയും ചോദ്യം ചെയ്യാനുള്ള ധൈഷണികമായ അന്തസത്ത അദ്ദേഹത്തെ വ്യതിരിക്തനാക്കി നിര്‍ത്തുന്നു.

ഏറ്റവും ലളിതമായി എഴുതുകയെന്നത് ഏറെ ശ്രമകരമാണ്. ഈ രംഗത്ത് മാതൃകാപരമായ സമീപനം സ്വീകരിച്ച ബഷീര്‍ ലോകസാഹിത്യത്തില്‍ എക്കാലത്തേയും മികച്ച എഴുത്തുകാരോട് കിടപിടിക്കാന്‍ പോന്ന എഴുത്തുകാരനാണ്.

പരന്ന വായനയുടെ പിന്‍ബലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുന്‍വിധിയില്ലാതെ തുറന്ന വായനയിലൂടെ മനസിനെ നിര്‍മലപ്പെടുത്തിയ അതുല്യ പ്രതിഭ. അദ്ദേഹത്തോളം വായിച്ച അധികം എഴുത്തുകാര്‍ വേറെയില്ല.

മലയാള ഭാഷയിലും സാഹിത്യത്തിലും തന്റേതായ പദാവലിയും പ്രയോഗങ്ങളും അനശ്വരമാക്കിയ ബഷീറിന് ആംഗല സാഹിത്യത്തോട് അടങ്ങാത്ത സ്നേഹവും ആഭിമുഖ്യവുമായിരുന്നു. ഇംഗ്ളീഷ് സാഹിത്യലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ മിക്ക രചനകളും വായിച്ചാസ്വദിച്ച ബഷീര്‍ തന്റെ ബാല്യകാലസഖി എഴുതിതുടങ്ങിയത് ഇംഗ്ളീഷിലായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അത് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു.

സാധാരണ ഗ്രാമീണ ജീവിതത്തില്‍ പരിചയിക്കുന്ന കഥാപാത്രങ്ങളേയും ജീവിതാനുഭവങ്ങളേയും സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സാഹിത്യത്തിലെന്നല്ല ലോക സാഹിത്യത്തില്‍ തന്നെ വിസ്മയകരമായ ഇതിഹാസം സൃഷ്ടിച്ച മഹാനായ കഥാകാരനാണ് ബഷീര്‍. സാഹിത്യത്തിന് പുതിയ മാനവും അര്‍ഥതലവും നല്‍കി മികച്ച സൃഷ്ടികള്‍ സമ്മാനിച്ച ബഷീറിന് വലിയ അംഗീകാരങ്ങളോ കാര്യമായ പുരസ്‌കാരങ്ങളോ ഒന്നും ലഭിച്ചില്ലെങ്കിലും ആസ്വാദകരുടെ കൂടുതല്‍ അംഗീകാരം നേടിയത് ബഷീര്‍ ആയിരിക്കാം.

തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീര്‍ എഴുതിയ ഓരോ വരിയും കാലഗണനകള്‍ക്കതീതമായി മലയാളി മനസ്സുകളില്‍ ജീവിക്കും.

ബഷീറിന്റെ മനുഷ്യപ്പറ്റും കഥാപാത്രങ്ങളുടെ തനിമയും മലയാള സാഹിത്യനഭസ്സില്‍ എന്നും വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഓരോ വായനക്കാരന്റേയും നോസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തുകയും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ക്ക് നൈസര്‍ഗികമായ രീതിയില്‍ ചാരുത പകരുകയാണ് ബഷീര്‍ ചെയ്തത്. പലപ്പോഴും ഇംഗ്ളീഷ് സാഹിത്യകൃതികള്‍ ബഷീറിനെ സ്വാധീനിച്ചതായി തോന്നാമെങ്കിലും ബഷീറിന്റെ അവതരണത്തിലും ശൈലിയിലും സവിശേഷമായ പുതുമയും തനിമയും കാണാനാകും. ഏകകവും സര്‍വകവും സമന്വയിച്ചുകൊണ്ടുളള സവിശേഷമായ ജീവിത വീക്ഷണമാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ പ്രത്യേകത. എഴുത്തുകാരന്‍ എന്നതിലുപരി മനുഷ്യപ്പറ്റുള്ള ഒരാള്‍ എന്ന നിലക്ക് ഏവരിലും ഇടം കണ്ടെത്തിയ ബഷീര്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യഭാഷയെ ജനകീയമാക്കുകയും ചെയ്തു. ഏതു വായനക്കാരനും ബഷീറിലേക്ക് ചെല്ലാം. അതുപോലെ ഏതു വായനക്കാരിലേക്കും ബഷീറും ചെല്ലും. ജനകീയമായ രീതിയില്‍ നമ്മുടെ സങ്കല്‍പങ്ങളേയും പച്ചപ്പുകളേയും ഗൃഹാതുരത്വത്തേയും ഉണര്‍ത്താന്‍ കഴിയുന്ന ബഷീറിയന്‍ ശൈലി സാഹിത്യനഭസ്സില്‍ എന്നും വേറിട്ടുനില്‍ക്കും.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാഹിത്യ ചക്രവാളത്തില്‍ പിടികിട്ടാത്ത ഇതിഹാസമായിരുന്ന ബഷീര്‍ മരണാനന്തരവും തന്റെ കൃതികളുടെ പിന്‍ബലത്തില്‍ സഹൃദയമനസ്സുകളില്‍ സജീവമായി നില കൊള്ളുകയാണ്.

തന്റെ വായനയുടെയും ജീവിതാനുഭവങ്ങളുടേയും പിന്‍ബലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നത് ആഗോളവല്‍ക്കരണത്തിന്റേയും ഉപഭോഗസംസ്‌കാരത്തിന്റേയും ലോകത്ത് ബഷീറിനെ ഏറെ പ്രസക്തനാക്കും. എഴുത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന ജൈവമണ്ഡലത്തിലേക്ക് മനുഷ്യനെ ആനയിക്കുന്ന ബഷീര്‍ മനുഷ്യപ്പറ്റുള്ള സഹജീവി സ്നേഹത്തിന് മാതൃകയാണ്. ഒരു എഴുത്തുകാരന്‍ എന്നതിലുപരി നല്ല സാഹിത്യകൃതികളുടെ പ്രചാരണത്തിന് പരിശ്രമിച്ച ഒരു സാഹിത്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും ബഷീറിന്റെ സംഭാവനകളെ നാം വിലയിരുത്തേണ്ടതുണ്ട്.

ആത്യന്തികമായ സത്യത്തെ തേടുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരനായ ബഷീര്‍ ജ്ഞാനിയായ സാഹിത്യകാരനാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തിക്തമായ അനുഭവങ്ങളാല്‍ ധന്യനായ അദ്ദേഹം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളു. സാഹിത്യത്തിന് പുതിയ മാനവും അര്‍ഥതലവും നല്‍കി മികച്ച സൃഷ്ടികള്‍ കുറഞ്ഞ വരികളിലും പേജുകളിലുമായി സമ്മാനിക്കുകയാണ് ചെയ്തത്.

മലയാള സാഹിത്യത്തിലെ കുലപതിയായ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനാണ്. സാധാരണ ജീവിതത്തിന്റെ ഓജസ്സുള്ള ഭാഷയിലൂടെ ഏതൊരു ആസ്വാദകനേയും ബഷീര്‍ വിസ്മയിപ്പിക്കും. മനുഷ്യന്റെ ഗന്ധം കൃത്യമായി തിരിച്ചറിഞ്ഞ ബഷീര്‍ മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയും കള്ളികളില്‍ തളച്ചിടാന്‍ കഴിയാത്ത വിശ്വമാനവികതയാണ് സാഹിത്യകാരന്റെ ഭൂമികയെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനാണ് പരിശ്രമിച്ചത്.

1980-കളുടെ അവസാനത്തിലാണ് ‘ഉപ്പൂപ്പാന്റെ കുയ്യാനകള്‍’ എന്ന പേരില്‍ ബഷീറിനെ അപകീര്‍ത്തിപ്പെടുത്താനും നിസ്സാരവത്കരിക്കാനും ഉദ്ദേശിച്ചുള്ള ഒരു പീറപ്പുസ്തകവുമായി ഒരു കൂട്ടര്‍ രംഗത്തുവരുന്നത്. ബഷീറിന് വായനാ സമൂഹത്തിന്റെ നാനാ തലങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന, മറ്റൊരു കഥാകാരന്നും മലയാളത്തില്‍ ലഭ്യമല്ലാതിരുന്ന വര്‍ധിച്ച സ്നേഹവും സ്വീകാര്യതയും തകര്‍ക്കുകയും ബഷീറിന്റെ സാഹിത്യം വെറും നാലാംകിടയാണെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം. ഗ്രന്ഥകര്‍ത്താവിന്റെ പേര്‍ അച്ചടിച്ചത് എ.ബി. രഘുനാഥന്‍ നായര്‍ എന്നായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എസ്. ഗുപ്തന്‍ നായര്‍, പവനന്‍, വിലാസിനി (എം.കെ. മേനോന്‍) എന്നിങ്ങനെ ചിലരായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബഷീറിന്റെ കൂടി പങ്കാളിത്തത്തോടെയും ത്യാഗത്തിന്റെ ഫലമായും ഉയര്‍ന്നുവന്ന നാഷണല്‍ ബുക്സ്റ്റാള്‍ ആയിരുന്നു അതിന്റെ പ്രസാധകര്‍ എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. (ബഷീറിന്റെ ‘ബഷീഴ്സ് ബുക്സ്റ്റാള്‍’ പിന്നീട് എന്‍.ബി.എസ് ആയി മാറിയ കഥ ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.) ഈ പുസ്തകത്തെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഗൂഢലക്ഷ്യത്തെയും കൃത്യമായും തിരിച്ചറിഞ്ഞ ബഷീര്‍ അതിനെ വിശേഷിപ്പിച്ചത് ‘ബഷീര്‍വധം കഥകളി’ എന്നായിരുന്നു! തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ വിരാജിക്കുന്ന ബഷീറിനെ അവിടെ നിന്ന് വലിച്ച് താഴെയിട്ട് അവസാനിപ്പിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം.

പക്ഷേ, ബഷീറിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആ പുസ്തകത്തിനോ അത് ആസൂത്രണം ചെയ്ത് പുറത്തിറക്കിയവര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് ചരിത്രം. കാരണം, ബഷീറും ബഷീറിന്റെ സാഹിത്യവും ഏതെങ്കിലും അസൂയാലുക്കള്‍ക്ക് മിനക്കെട്ട് തകര്‍ത്തുകളയാന്‍ മാത്രം ദുര്‍ബലമല്ല.

ആകാരം കൊണ്ട് ചെറിയതെങ്കിലും സാഹിത്യഗുണം കൊണ്ടും ദര്‍ശനമഹത്വം കൊണ്ടും താരതമ്യമില്ലാത്ത വിധം വലിയതായ ആ ഗ്രന്ഥങ്ങളുടെ ബലത്തില്‍ തന്നെ ബഷീര്‍ പൂര്‍വാധികം ശോഭയോടെ നിലനിന്നു, ഇന്നും നിലനില്‍ക്കുന്നു. കാരണം, ഒ.വി. വിജയന്‍ വിശേഷിപ്പിച്ച പോലെ, ആ ‘കൊച്ചു കഥകള്‍’ മലയാള ഭാഷയിലെ ‘ഇതിഹാസങ്ങ’ളായിരുന്നു, ”നര്‍മത്തിന്റെയും വേദനയുടെയും മഹാ കാവ്യങ്ങള്‍.” പേജുകളുടെ എണ്ണം നോക്കി മാര്‍ക്കിടുന്നവര്‍ക്ക് ഇതിഹാസ രചനകളുടെ രസതന്ത്രം അറിയില്ല; അത്തരം കൃതികള്‍ കാലത്തെയും തലമുറകളെയും അതിജീവിച്ച് നിലനില്‍ക്കുന്നതിന്റെ രഹസ്യവും.

Related Articles

Back to top button
error: Content is protected !!