Breaking News

സോഷ്യല്‍ ഫോറം ഇടപെടല്‍ ഫലം കണ്ടു; ഖത്തറില്‍ കുടുങ്ങിയ പ്രവാസി നാടണഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ: മാസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടു, നാല് വര്‍ഷത്തോളമായി നാട്ടില്‍ പോകാനാകാതെ ഖത്തറില്‍ കുടുങ്ങി കിടന്ന പ്രവാസി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.

2011 ലാണ് മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി തെക്കേപീടിയേക്കല്‍ അബ്ദുസ്സമദ് ആദ്യമായി ഖത്തറിലെത്തുന്നത്. രണ്ടു വഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെക്ക് മടങ്ങുകയും പിന്നീട് യു.എ.ഇയിലേക്ക് പോവുകയും ചെയ്തു. അവിടെയും രണ്ടു വര്‍ഷം ജോലി ചെയ്തു. പിന്നീട് 2018 ലാണ് വീണ്ടും ഹൗസ് ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നത്. എന്നാല്‍ ആദ്യത്തെപോലെയായിരുന്നില്ല പിന്നീടുള്ള സമദിന്റെ ജോലിയും ചുറ്റുപാടുകളും. ഖത്തറിലെത്തി ഒന്നര വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാന്‍ അനുമതി തേടിയത് മുതലാണ് സമദിന്റെ ദുരിത ജീവിതം ആരംഭിക്കുന്നത്. അതുവരെ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സമദ് പറയുന്നു. കൃത്യമായ ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ നാട്ടില്‍ പോകാന്‍ പോലുമാകാതെ പ്രയാസത്തിലായ സമദ് ഇതിനകം രണ്ടു തവണ നാടണയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ പ്രശ്നത്തില്‍ ഇടപെട്ട് സമദിനെ നാട്ടിലെത്തിക്കാനായി വിവിധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും പല തവണ ശ്രമം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കാണാതെ അവര്‍ക്ക് ആ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

സമദിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഉമ്മ സൈനബയും ഭാര്യ ശരീഫാ ബീവിയും മുട്ടാത്ത വാതിലുകളില്ല. ജന പ്രതിനിധികളിലും അധികാരികളിലും നിരവധി തവണ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം സമദിന്റെ ബന്ധുക്കള്‍ നാട്ടിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ ഫോറം സൗദി ജിദ്ദ സനാഇയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുസ്സലാം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദുമായി ബന്ധപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ കേസ് പഠിക്കാനായി അദ്ദേഹം സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക് പബ്ലിക് റിലേഷന്‍ ഇന്‍ ചാര്‍ജ്ജ് സിദ്ദീഖ് പുള്ളാട്ടിനെ ചുമതലപ്പെടുത്തുകയും അദ്ദേഹം സമദിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം അബ്ദുല്‍ മജീദ് തിരൂര്‍, മാമൂറ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി കെ, അനസ് അല്‍ കൗസരി, അബ്ദുല്‍ ബഷീര്‍ മംഗലുരു എന്നിവരും സമദിന്റെ മോചനത്തിനായി രംഗത്തുണ്ടായിരുന്നു.

സാധാരണ കേസുകളില്‍ നിന്ന് ഭിന്നമായ ഈ കേസിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയകുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ എളുപ്പമായി വരുകയായിരുന്നു എന്ന് സിദ്ദീഖ് പുള്ളാട്ട് സാക്ഷ്യപ്പെടുത്തുന്നു. വളരെ സങ്കീര്‍ണ്ണമായ ഈ കേസ് കൃത്യമായി വിവിധ മേഖലകളില്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചു എന്നും ഇത്തരം ആശയക്കുഴപ്പങ്ങളും സങ്കീര്‍ണ്ണതകളുമായിരിക്കാം മുമ്പ് കേസില്‍ ഇടപെട്ടവരെ പിന്നോട്ട് വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രക്ഷപ്പെടാനായി ജോലി ചെയ്യുന്ന വീടുവിട്ടിറങ്ങിയ സമദിന്റെ പേരില്‍ ഒന്നിലധികം കള്ളകേസ് വന്നത് മോചനം വളരെ വൈകിപ്പിച്ചെങ്കിലും തുടര്‍ച്ചയായ പരിശ്രമം ഒടുവില്‍ വിജയത്തിലെത്തുകയായിരുന്നു.

അബ്ദുസ്സമദ് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതാക്കളായ ഉസാമ അഹമ്മദ്, അബ്ദുല്‍ മജീദ് തിരൂര്‍, സിദ്ദീഖ് പുള്ളാട്ട് എന്നിവര്‍ക്കൊപ്പം.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ സമദ് ഹമദ് വിമാനത്താവളത്തില്‍ സോഷ്യല്‍ ഫോറം നേതാക്കളെ കണ്ടു നന്ദി അറിയിച്ചു. മറ്റാര്‍ക്കും സാധിക്കാതെ പോയത് സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിലൂടെ സാധ്യമായതില്‍ അദ്ദേഹം സോഷ്യല്‍ ഫോറത്തിന് നന്ദി പറഞ്ഞു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന സമിതി അംഗം അബ്ദുല്‍ മജീദ് തിരൂര്‍, മാമൂറ ബ്ലോക്ക് പബ്ലിക് റിലേഷന്‍ ഇന്‍ ചാര്‍ജ്ജ് സിദ്ദീഖ് പുള്ളാട്ട്, സമദിന്റെ ബന്ധുക്കളായ ആശിഖ്, നിസാമുദ്ദീന്‍ എന്നിവര്‍ സമദിനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ ഒരു നോക്കുകാണാനാകാതെ ഖത്തറില്‍ കുടുങ്ങി കിടന്ന സമദിനെ നാട്ടിലേക്കയക്കാന്‍ സാധിച്ച ചാരിതാര്‍ഥ്യത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ ഫോറം നേതാക്കള്‍.

Related Articles

Back to top button
error: Content is protected !!