Breaking News

ഹയ്യാ ഹയ്യാ , ഏകമാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ഗാനം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ഖത്തര്‍ ലോക കപ്പിനുള്ള സൗണ്ട് ട്രാക്കിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ ഹയ്യാ ഹയ്യാ എന്നു തുടങ്ങുന്ന ഗാനം ഏകമാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന മഹത്തായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് വിലയിരുത്തല്‍. ഫുട്‌ബോളിലൂടെ ലോകത്തെ ഒന്നിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഈ ഗാനം അടയാളപ്പെടുത്തുന്നത്. സംഘര്‍ഷവും സമ്മര്‍ദ്ധങ്ങളുമല്ല സംവാദങ്ങളും സ്‌നേഹ സാഹോദര്യങ്ങളുമാണ് സാംസ്‌കാരിക ലോകത്തിനാവശ്യമെന്ന സുപ്രധാനമായ ആശയം ഊന്നുന്ന ഗാനം ഇന്നലെ മുതല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

യു.എസ്. താരം ട്രിനിഡാഡ് കാര്‍ഡോണ, ആഫ്രോബീറ്റ്സ് ഐക്കണ്‍ ഡേവിഡോ, ഖത്തറി സെന്‍സേഷന്‍ ഐഷ എന്നിവര്‍ ചേര്‍ന്ന് ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫിഫ 2022 ഫൈനല്‍ ഡ്രോ ചടങ്ങില്‍ ഈ ഗാനം അവതരിപ്പിച്ചപ്പോള്‍ സദസ്സ് മുഴുവന്‍ കയ്യടിച്ചത് സംഗീതവും സന്ദേശവും മനസുകള്‍ കീഴടക്കിയപ്പോഴായിരുന്നു.

അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ ഗാനം വ്യക്തമാക്കുന്നതെന്ന് ഫിഫ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ കേയ് മദാതി പറഞ്ഞു. ‘ഫിഫയുടെ നവീകരിച്ച സംഗീത തന്ത്രത്തിന്റെ ഭാഗമായി, മള്‍ട്ടി-സോംഗ് സൗണ്ട്ട്രാക്ക് ആവേശഭരിതമായ ആരാധകരെ മുമ്പെങ്ങുമില്ലാത്തവിധം ഫിഫ ലോകകപ്പിന്റെ ആത്മാവിലേക്ക് അടുപ്പിക്കും.

ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്, ടൂര്‍ണമെന്റിന്റെ ശബ്ദട്രാക്ക് ഒരു മള്‍ട്ടി ഗാന ശേഖരം അവതരിപ്പിക്കുന്നത് . അന്തര്‍ദ്ദേശീയ കലാകാരന്മാര്‍ ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന സംഗീത വേദികളില്‍ അവതരിപ്പിക്കുന്നത് ആഗോള ആഘോഷത്തിന മാറ്റു കൂട്ടും.
യു നോ വീ ബെറ്റര്‍ ടുഗതര്‍ എന്ന വരിയും ആശയവും സാംസ്‌കാരിക ലോകം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂട്യൂബില്‍ ട്രെണ്ടിംഗായി മാറിയ വീഡിയോ 24 മണിക്കൂറിനുള്ളില്‍ 3.3 മില്യണാളുകളാണ് കണ്ടത്.

Related Articles

Back to top button
error: Content is protected !!