
ഖുര്‍ആന്‍ മലയാളം’ മലയാളീ സമൂഹത്തിനുള്ള ഉല്‍കൃഷ്ട രചന , മുനവ്വറലി ശിഹാബ് തങ്ങള്‍
അമാനുല്ല വടക്കാങ്ങര
കോഴിക്കോട് . ഖുര്‍ആന്‍ മലയാളം’ മലയാളീ സമൂഹത്തിനുള്ള ഉല്‍കൃഷ്ട രചന , മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ‘ഖുര്‍ആന്‍ വിവര്‍ത്തന വിജ്ഞാന സാഹിത്യത്തിലെ വേള്‍ഡ് ക്ളാസ്സിക് ആയ അബ്ദുള്ള യൂസുഫ് അലി ഇംഗ്ലീഷില്‍ രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള മൊഴിമാറ്റം (ഖുര്‍ആന്‍ മലയാളം) വിവര്‍ത്തകന്‍ വി.വി.എ. ഷുക്കൂറില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഹനവും ഗരിമയാര്‍ന്നതുമായ അബ്ദുള്ള യൂസുഫ് അലിയുടെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ ഉചിതവും പ്രൗഢവുമായ വിവര്‍ത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘ധ്യാനാത്മകമായ വായനയുടെ ഉള്‍ക്കാഴ്ചയാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക്ക് നല്‍കുന്നത്. മനുഷ്യന്റെ വളര്‍ച്ചക്കും ജ്ഞാനപരമായ വികാസത്തിനും അനിവാര്യമായ ചിന്തയെ ഖുര്‍ആന്‍ ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നുണ്ട്. കാലം മുന്നോട്ട് ഗമിക്കും തോറും തിരിച്ചറിവിന്റെ ചക്രവാളം വികസ്വരമാവുകയാണ്. ക്ഷമാപൂര്‍വ്വം ദര്‍ശിച്ചാല്‍ ചിന്തയുടെ സാകല്യസത്യം ഖുര്‍ആന്‍ തുറന്ന് തരുന്നു. മലയാള വായനക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സംരംഭമാണിതെന്നും എല്ലാവിധ നന്മകളും ആശംസിക്കുന്നതായും തങ്ങള്‍ പറഞ്ഞു.
ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പി സ്വീകരിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ആശംസകള്‍ അര്‍പ്പിച്ചു.