വ്യാജ സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ഏഷ്യന്‍ വംശജരെ ഖത്തര്‍ സി.ഐ.ഡി പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. വ്യാജ സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ഏഷ്യന്‍ വംശജരെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. രണ്ട് പേരും വ്യാജ സ്വര്‍ണ നാണയങ്ങള്‍ വിറ്റ് നിരവധി പേരില്‍ നിന്നും ഒന്നര മില്യണ്‍ (15 ലക്ഷം) റിയാലോളം തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജ സ്വര്‍ണവുമായി ആളുകളെ കബളിപ്പിക്കുന്ന ചിലരെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഡിപ്പാര്‍ട്ട്മെന്റ് തിരച്ചിലിനും അന്വേഷണത്തിനും ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഘത്തിന്റെ വിശദമായ അന്വേഷണത്തിലാണ് മഅ്മൂറ ഭാഗത്തുനിന്ന് രണ്ട് പ്രതികളെ കൈയോടെ പിടികൂടുന്നതിലേക്ക് നയിച്ചത്.
പതിനഞ്ചു കിലോ തൂക്കം വരുന്ന ലോഹ നാണയങ്ങള്‍ ഖത്തറിലേക്കു കടത്തികൊണ്ടുവന്നതായും സ്വര്‍ണം പോലെ തോന്നിക്കാന്‍ ഇവയില്‍ മറ്റു ലോഹങ്ങള്‍ കലര്‍ത്തിയതായും ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് സമ്മതിച്ചു.
അംഗീകൃത സ്റ്റോറുകളില്‍ നിന്ന് മാത്രമേ സ്വര്‍ണ്ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാവൂ എന്നും നടപടിക്രമങ്ങള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.