കോര്‍പറേറ്റ് സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി കൊമേര്‍സ്യല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി കൊമേര്‍സ്യല്‍ ബാങ്ക് . മാസം മുഴുവന്‍ ശരാശരി ഒന്നര ലക്ഷം റിയാല്‍ ബാലന്‍സ് ഇല്ലെങ്കില്‍ പ്രതിമാസം 500 റിയാല്‍, ഫണ്ടില്ലാതെ ചെക്ക് മടങ്ങിയാല്‍ 900 റിയാല്‍, സാങ്കേതിക കാരണങ്ങളാല്‍ ചെക്ക് മടങ്ങിയാല്‍ 250 റിയാല്‍ തുടങ്ങിയ ചാര്‍ജുകള്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പകത്തിക ബാധ്യതയാകും.
പുതുക്കിയ നിരക്കുകള്‍ ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ഇതിനകം തന്നെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് ഉപരോധവും കോവിഡ് മഹമാരിയും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന റോഡ് വര്‍ക്കുകളുമൊക്കെ നിരവധി സ്ഥാപനങ്ങളുടെ നടുവൊടിച്ച സാഹചര്യത്തില്‍ മാസം മുഴുവന്‍ ശരാശരി ഒന്നര ലക്ഷം റിയാല്‍ ബാലന്‍സ് നിലനിര്‍ത്തുക ചെറുകിട സ്ഥാപനങ്ങള്‍ക്ക് വലിയ പ്രയാസമാകും. നിലവില്‍ ഒരു ലക്ഷം റിയാല്‍ ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് പ്രതിമാസം 400 റിയാല്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് മാസം മുഴുവന്‍ ശരാശരി ബാലന്‍സ് ഒന്നര ലക്ഷം റിയാല്‍ നിലനിര്‍ത്താത്തവര്‍ക്ക് പ്രതിമാസം 500 റിയാല്‍ ചാര്‍ജ് ചുമത്തുന്നത്.