പ്രവാസികള്‍ ഇന്ത്യയുടെ ശരിയായ അംബാസിഡര്‍മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഇന്ത്യയുടെ ശരിയായ അംബാസിഡര്‍മാരെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച മികച്ച അഭിപ്രായം രൂപീകരിക്കുന്നതില്‍ പ്രവാസി ഭാരതീയ പങ്ക് വലുതാണെന്നും മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലൊരുക്കിയ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോട്ടോ. താഹ കുറ്റിച്ചല്‍
പ്രവാസി ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ സംബന്ധിച്ച് ഏറെ കരുതലോടെയുള്ള സമീപനങ്ങളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരത സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രവാസി ക്ഷേമവും സുരക്ഷയുംമുറപ്പുവരുത്തുവാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ വന്ദേ ഭാരത് മിഷനും അഫ്ഗാനിസ്ഥാലും ഉക്രൈയിനുലുമൊക്കെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സ്വീകരിച്ച സത്വര നടപടികളും പ്രവാസികളോടുള്ള രാജ്യത്തിന്റെ കരുതലാണ് അടയാളപ്പെടുത്തുന്നത്.
സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും മാതൃരാജ്യത്തിന്റെ വികാരങ്ങളുമായി ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ സമൂഹം ചെയ്തുവരുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാസേജ് ടു ഇന്ത്യയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ യോഗ ഗിന്നസ് റിക്കോര്‍ഡ് ശ്രമവും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഐതിഹാസികവും ചരിത്രപരവുമായ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇരുരാജ്യങ്ങളുടേയും ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മില്‍ വളരെ അടുത്ത വ്യക്തിബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ ഇന്ത്യയിലെ നിക്ഷേപം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം അഞ്ചിരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങളിലെ വളര്‍ച്ച ആശാവഹമാണ്. കഴിഞ്ഞ വര്‍ഷം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 15 ബില്യണ്‍ ഡോളറിിന് മുകളിലായിരുന്നു.
ആരോഗ്യം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സുരക്ഷ, പ്രതിരോധം, കൃഷി തുടങ്ങി വിവിധ മേഖലങ്ങളില്‍ പരസ്പരം ഗുണകരമായ രീതിയിലുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഖത്തറിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തത്തെ പ്രശംസിച്ചതായി അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ ഇന്ത്യന്‍ വികസനത്തിന്റെ സുവര്‍ണ പദ്ധതികളും പ്‌ളാനുകളും വിശദീകരിച്ച അദ്ദേഹം പുതിയ ഇന്ത്യ ലോകത്തെവിടെയുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് കൂട്ടിച്ചേര്‍ത്തു. വികസന രംഗത്തും വാണിജ്യ വ്യവസായ മേഖലകളിലുമൊക്കെ വമ്പിച്ച കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യ ലോകാടിസ്ഥാനത്തില്‍ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പുകളുള്ള മൂന്നാമത്തെ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതീയരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മദാദ് പോര്‍ട്ടലും ഇന്ത്യ ഇന്‍ ഖത്തര്‍ മൊബൈല്‍ ആപ്‌ളിക്കേഷനും പ്രവാസി ഭാരതീയ സഹായത കേന്ദ്രയുമൊക്കെ പ്രയോജനപ്പെടുത്തണണം. ഖത്തറിലെ ഇന്ത്യന്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എംബസിയില്‍ പ്രത്യയേക കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികളുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലും പുറത്തുള്ള ശാമിയാനയിലുമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ നിറഞ്ഞ സദസ്സാണ് മന്ത്രിയെ സ്വീകരിച്ചത്. കേരളീയ പാരമ്പര്യ ചെണ്ടമേളവും മുത്തുക്കുടകളുമായി മന്ത്രിയെ വരവേറ്റപ്പോള്‍ ഗൃഹാതുര സ്മരണകളുണര്‍ന്നു. ഗാന്ധി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പ്രത്യേക ശില്‍പം അനാച്ഛാദനം ചെയ്ത മന്ത്രി കമ്മ്യൂണിറ്റി നേതാക്കളേയും പ്രതിനിധികളേയും പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഐ.ബി.പി.സി. പ്രസിഡണ്ട് ജഅ്ഫര്‍ സാദിഖ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, വിദേശശ കാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി വിപുല്‍ എന്നിവരും ചടങ്ങില്‍ സംബബന്ധിച്ചു.
വിവിധ സംഘടനകള്‍ മന്ത്രിയെ ബൊക്കെ നല്‍കി ആദരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിവിധ പ്രവാസി പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന നിവേദനം സമര്‍പ്പിച്ചു.
മനോഹരമായ ഇംഗ്‌ളീഷിലും മലയാളത്തിലുമായി അര മണിക്കൂറോളം സംസാരിച്ച മന്ത്രി സദസ്സിന്റെ മൊത്തം കയ്യടി വാങ്ങിയാണ് പ്രസംഗം അവസാനിപ്പിച്ചത്.