പ്രവാചക നിന്ദ : ഖത്തര്‍ ശൂറ കൗണ്‍സില്‍ ശക്തമായി അപലപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാചകന്‍ മുഹമ്മദ് (സ) ക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയിലെ ഒരു വക്താവ് അടുത്തിടെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങളെ ഖത്തര്‍ ശൂറ കൗണ്‍സില്‍ ശക്തമായി അപലപിച്ചു
കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ നടന്ന ശൂറ കൗണ്‍സിലിന്റെ 31-ാമത് പ്രതിവാര യോഗമാണ് മുഹമ്മദ് നബി(സ)ക്കെതിരെ നടന്ന പരാമര്‍ശങ്ങളെ രൂക്ഷമായി അപലപിച്ചത്.
പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പരാമര്‍ശത്തില്‍ ഖത്തറിന്റെ നിരാശയും പൂര്‍ണമായ തിരസ്‌കരണവും അപലപനവും പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയുടെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു.
ഇത്തരം ഇസ്ലാമോഫോബിക് പരാമര്‍ശങ്ങള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും ഒരു ചക്രം സൃഷ്ടിച്ച് കൂടുതല്‍ മുന്‍വിധികള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനും കാരണമാവുകയും ചെയ്‌തേക്കാമെന്നതിനാല്‍ ഈ പ്രസ്താവനകളില്‍ പരസ്യമായി ക്ഷമാപണവും അടിയന്തരമായി അപലപിക്കലും ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ഖത്തര്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി പ്രസ്താവന തുടര്‍ന്നു.
ഇസ്ലാം മതത്തോടുള്ള വിദ്വേഷത്തിന്റെയും ദുരുപയോഗത്തിന്റെയും വര്‍ധിക്കുന്ന പശ്ചാത്തലത്തിലും മുസ്ലിംകള്‍ക്കെതിരെയുള്ള വ്യവസ്ഥാപിതമായ നടപടികളുടെയും അവരുടെമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കുറ്റകൃത്യങ്ങള്‍ വരുന്നതെന്ന് ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചും മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ തകര്‍ത്തും അവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് സമകാലിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ കുറ്റകൃത്യങ്ങളെയും മുഹമ്മദ് നബി (സ) യ്ക്കും ഇസ്ലാമിനും എതിരായ എല്ലാത്തരം അപമാനങ്ങളെയും ദൃഢനിശ്ചയത്തോടെ നേരിടാന്‍ ഇന്ത്യന്‍ അധികാരികളോട് ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ മുസ്ലീം സമൂഹം – അവരുടെ അവകാശങ്ങള്‍, മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം, അവരുടെ അന്തസ്സ് , ആരാധനാലയങ്ങള്‍ മുതലായവ സംരക്ഷിക്കപ്പെടണം.