ഖത്തറില്‍ ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ച ഇഫ്താര്‍ ടെന്റുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ച ഇഫ്താര്‍ ടെന്റുകള്‍ നിറഞ്ഞു കവിയുന്നു. നിത്യവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ടെന്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇഫ്താര്‍ ടെന്റുകള്‍ക്ക് പുറമേ, രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നോമ്പെടുക്കുന്നവര്‍ക്ക് മന്ത്രാലയം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം കോര്‍ണിഷ് – എംഐഎ – സൂഖ് വാഖിഫ് – കത്താറ – ലുസൈല്‍ – പേള്‍ – ഓള്‍ഡ് അല്‍ റയാന്‍ പ്രാര്‍ത്ഥനാ മൈതാനം – ഈദ് പ്രാര്‍ത്ഥന ഗ്രൗണ്ട് അല്‍ അസീസിയ എന്നീ സ്ഥലങ്ങളില്‍ ഭക്ഷണ വിതരണവും ഐന്‍ ഖാലിദ് (വ്യാഴം, വെള്ളി സൂഖ്), ഈദ് പ്രയര്‍ ഗ്രൗണ്ട് – ബിന്‍ ഒമ്രാന്‍, അല്‍ വക്ര സിറ്റി, അല്‍ ഖോര്‍ – ഒത്മാന്‍ ബിന്‍ അഫാന്‍ പള്ളി, ഇന്‍ഡസ്ട്രിയല്‍ ഏരിയ, പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് – അല്‍ സൈലിയ എന്നിവിടങ്ങളില്‍ ഇഫ്താര്‍ ടെന്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഈ പദ്ധതിയിലേക്ക് സംഭാവന നല്‍കാന്‍ 66011160 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ http://awqaf.gov.qa/donate എന്ന ലിങ്കിലോ ബന്ധപ്പെടാം
