Uncategorized

ഖത്തറില്‍ വാട്ടര്‍ ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 1 വരെ നീട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വാട്ടര്‍ ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 1 വരെ നീട്ടിയതായി പൊതുമരാമത്ത് അതോരിറ്റി അറിയിച്ചു. മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ പ്രവേശിക്കുന്നതിന് ആഗസ്ത് 1 ന് മുമ്പായി ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം.

ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ടാങ്കുകളുടെ ചലനം നിയന്ത്രിക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് . ഇത് ടാങ്കര്‍ ഉടമകളുടെ പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, ഖത്തറിലുടനീളം റോഡ് ശൃംഖലയിലൂടെ ടാങ്കറുകള്‍ സഞ്ചരിക്കുന്ന യാത്രാദൂരം അവയുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുകയും ട്രീറ്റ്‌മെന്റ് സ്റ്റേഷനുകള്‍ക്ക് ഏറ്റവും അടുത്തുള്ള സ്ഥലം നിര്‍ണ്ണയിക്കുകയും ചെയ്യും.

ടാങ്കറുകളില്‍ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കുന്നതിന് അപേക്ഷിക്കുന്ന ടാങ്കര്‍ ഉടമകള്‍ക്ക് അഷ്ഗാല്‍ കസ്റ്റമര്‍ സര്‍വീസ്, സല്‍വ റോഡ് ബ്രാഞ്ച് വഴി ഓരോ ടാങ്കറിനും ഒരു സിം കാര്‍ഡ് നല്‍കും. സിം കാര്‍ഡ് ലഭിക്കുമ്പോള്‍, ടാങ്കര്‍ ഉടമ നല്‍കിയ ഫോമില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഡാറ്റയും പൂരിപ്പിച്ച് [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.
ഇ-മെയില്‍ വഴി വിവരങ്ങള്‍ നല്‍കിയാലുടന്‍ ഉപകരണം അഷ്ഗാലിലെ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കും.

ട്രാക്കിംഗ് ഉപകരണങ്ങള്‍, ആവശ്യമായ രേഖകള്‍ അല്ലെങ്കില്‍ അപേക്ഷാ പ്രക്രിയ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://www.ashghal.gov.qa എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. 188 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും.

Related Articles

Back to top button
error: Content is protected !!