വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍ ആഗസ്റ്റ് 13 മുതല്‍ 20 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍ ആഗസ്റ്റ് 13 മുതല്‍ 20 വരെ നടക്കും. വിദ്യാഭ്യാസത്തോടൊപ്പം നാം ഖത്തര്‍ നിര്‍മ്മിക്കുന്നു’ എന്ന മുദ്രാവാക്യവുമായാണ് കാമ്പയിന്‍ . രാജ്യത്തിന്റെ സാമൂഹ്യ സാംസ്‌കാരിക നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് അടയാളപ്പെടുത്തുന്നതാണ് പ്രമേയം.
ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഗതാഗത കമ്പനിയായ ‘കര്‍വ’ എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ വാര്‍ഷിക കാമ്പെയിന്‍, എല്ലാ കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളില്‍ ഒന്നാണ് ‘ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍. വിദ്യാര്‍ത്ഥിയും അവരുടെ സ്‌കൂളും തമ്മിലുള്ള ആശയവിനിമയം പുതുക്കാനും അവരെ മാനസികമായും ബുദ്ധിപരമായും തയ്യാറാക്കാനും ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നു. വിജ്ഞാനത്തിലേക്കുള്ള അവരുടെ യാത്രയില്‍ അവര്‍ക്ക് സന്തോഷവും ആവേശവും നല്‍കിക്കൊണ്ട് നല്ല രീതിയില്‍ സ്‌കൂളിലേക്ക് മടങ്ങുവാന്‍ തയ്യാറാക്കുകയാണ് കാമ്പയിന്‍.
പുതിയ വിദ്യാര്‍ത്ഥികളില്‍, പ്രത്യേകിച്ച് ബാല്യകാല വിദ്യാര്‍ത്ഥികളില്‍, പിന്തുണയും അവബോധവും നിരന്തരമായ പ്രോത്സാഹനവും ആവശ്യമുള്ള അവരുടെ അക്കാദമിക് ഡ്രൈവിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഉത്കണ്ഠയും ഭയവും കുറയ്ക്കുന്നതില്‍ കാമ്പയിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.