Archived Articles

ആറാമത് ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്സിബിഷന് കത്താറയില്‍ ഉജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. ആറാമത് ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്സിബിഷന് കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ ഉജ്വല തുടക്കം. ഖത്തര്‍, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സൗദി അറേബ്യ, കുവൈറ്റ്, ലെബനന്‍, ലക്‌സംബര്‍ഗ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, തുര്‍ക്കി , യുഎഇ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നും വേട്ടയാടല്‍ ആയുധങ്ങള്‍, വേട്ടയാടല്‍ സാമഗ്രികള്‍, ഫാല്‍ക്കണുകള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള 180 പ്രമുഖ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫാല്‍ക്കണ്‍, വേട്ടയാടല്‍ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കമ്പനികള്‍ക്കൊപ്പം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട് .

വേട്ടക്കാരുടെയും ഫാല്‍ക്കണറുകളുടെയും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന വേദിയാണ് പ്രദര്‍ശനമെന്ന് കത്താറ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. വേട്ടയാടല്‍, ഫാല്‍ക്കണ്‍ എന്നീ മേഖലകളിലെ ഖത്തറിന്റെ യഥാര്‍ത്ഥ ചരിത്രത്തെ നൂതനവും ആകര്‍ഷകവുമായ രീതിയില്‍ അടയാളപ്പെടുത്തുന്ന ഒരു അതുല്യ പ്ലാറ്റ്ഫോമായി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്സിബിഷന്‍ മാറിയതായി അദ്ദേഹം പറഞ്ഞു.

പ്രാദേശിക, അന്തര്‍ദേശീയ സാംസ്‌കാരിക രംഗം പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനുമാണ് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ വിവിധ എക്‌സിബിഷനുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നത്. കത്താറയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നായ ഈ പ്രദര്‍ശനം , ഫാല്‍ക്കണ്‍റി, വേട്ടയാടല്‍ മേഖലകളില്‍ ഖത്തരി സംസ്‌കാരവും ചരിത്രവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രദര്‍ശനത്തിന്റെ ആദ്യദിനം മുതല്‍ തന്നെ സന്ദര്‍ശകരുടെ ശക്തമായ തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിയുള്‍പ്പടെ നിരവധി പ്രമുഖരാണ് പ്രദര്‍ശനം കാണാനെത്തിയത്.

പ്രദര്‍ശനം സെപ്റ്റംബര്‍ 10 ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11 മണിവരെയായിരിക്കും.

Related Articles

Back to top button
error: Content is protected !!