ലുസൈല്‍ സൂപ്പര്‍ കപ്പ് , ദോഹ മെട്രോ പുലര്‍ച്ചെ മൂന്ന് മണി വരെ സര്‍വീസ് നടത്തും
അമാനുല്ല വടക്കാങ്ങര
ദോഹ: സെപ്തംബര്‍ 9 വെള്ളിയാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും ശനിയ്‌ഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ സര്‍വീസ് നടത്തും . വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതലാണ് സര്‍വീസ് ആരംഭിക്കുക.
ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷന്‍ (പ്രവേശന കവാടം 2) 2022 സെപ്റ്റംബര്‍ 9-ന് മെട്രോ ലിങ്ക് വഴി മാത്രമേ ആക്സസ് ചെയ്യാനാകൂ എന്ന് ദോഹ മെട്രോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നേ ദിവസം സ്റ്റേഷനിലെ പാര്‍ക്ക് ആന്റ് റൈഡ് സൗകര്യവും സ്വകാര്യ വാഹനങ്ങള്‍ക്ക് ലഭ്യമാവില്ല.
80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ 2022 സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാല്‍ എസ്എഫ്സിയും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ സമലേക് എഫ്സിയും തമ്മിലുള്ള മത്സരമാണ് ലുസൈല്‍ സൂപ്പര്‍ കപ്പിനായി നടക്കുക. ഫിഫ 2022 ലോകകപ്പിന്റെ ഡ്രസ്സ് റിഹേര്‍സലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മല്‍സരത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.