Archived ArticlesUncategorized

തണലിന്റെ നേതൃത്വത്തില്‍ ഏഷ്യയിലാദ്യമായി റിഹാബ് സര്‍വ്വകലാശാലക്ക് തുടക്കമിടുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ : ജീവകാരുണ്യ – ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ സേവനവുമായി സജീവമായ തണലിന്റെ നേതൃത്വത്തില്‍ ഏഷ്യയിലാദ്യമായി റിഹാബ് സര്‍വ്വകലാശാലക്ക് തുടക്കമിടുന്നു. റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, പി എച്ച് ഡി കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്.

കേരള ആരോഗ്യ സര്‍വകലാശാലക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായാണ് തുടക്കമിടുന്നത്. ക്ലിനിക്കല്‍ വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുകയെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുറ്റ്യാടിക്കടുത്ത പന്തിരിക്കരയില്‍ 30 ഏക്കര്‍ ഭൂമിയില്‍ നിലവില്‍ വരുന്ന യൂണിവേഴ്‌സിറ്റിക്ക് ഒന്നാം ഘട്ടത്തില്‍ 175 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023 ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും.

2008ല്‍ വടകര ആസ്ഥാനമായി ആരംഭിച്ച തണല്‍ 12 സംസ്ഥാനങ്ങളിലായി വിവിധ പദ്ധതികളാല്‍ സജീവമാണ്. ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 61 ഡയാലിസിസ് യുണിറ്റുകള്‍ തണലിന്റെതായി പ്രവര്‍ത്തിക്കുന്നുണ്ട്.

റിഹാബ് സര്‍വ്വകലാശാലയുടെ പദ്ധതികള്‍ വിശദീകരിക്കാനായി തണല്‍ ഖത്തര്‍ ചാപ്റ്റര്‍ സെപ്തംബര്‍ 20 ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മിഡ്മാക് റൗണ്ടഎബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ യോഗം ചേരുന്നു. പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യമുള്ളവര്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എം.വി സിറാജുദ്ധീന്‍, ജനറല്‍ സെക്രട്ടറി ആഷിഖ് അഹമ്മദ്, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ പി, അബ്ദുല്‍ റഹ്മാന്‍ റൊട്ടാന, ഹംസ കെ.കെ, സി. സുബൈര്‍, ഷാനവാസ് ടി.ഐ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!