Breaking News

പാട്ടുകള്‍ ഹിറ്റായി, ഫിഫയുടെ ഔദ്യോഗിക ക്ഷണപ്രകാരം നൗഷാദ് മാഷ് ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. പാട്ടുകള്‍ ഹിറ്റായി, ഫിഫയുടെ ഔദ്യോഗിക ക്ഷണപ്രകാരം നൗഷാദ് മാഷ് ദോഹയിലെത്തി. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന് സ്വാഗതമോതി പേരോട് എം ഐ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്യുന്ന പി എ നൗഷാദ് രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ബാസിലാ സില എന്ന ഫിഫ വേള്‍ഡ് കപ്പ് ഗാനം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തതിന് പിന്നാലെയാണ് ഫിഫയുടെ ഔദ്യോഗിക ക്ഷണപ്രകാരം നൗഷാദ് മാഷ് ദോഹയിലെത്തിയത്.


ഒരു നല്ല കായിക പ്രേമിയും അത്‌ലറ്റും ഫുട്‌ബോള്‍ കളിക്കാരനുമായ നൗഷാദ് ഇംഗ്‌ളീഷും മറ്റു വിദേശ ഭാഷകളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ബാസിലല സില എന്ന ഗാനവും സിയോ സിയോ എന്ന ആല്‍ബവും കായികലോകം ഏറ്റെടുത്തതോടെ കേരളത്തിനകത്തും പുറത്തും താരമായി മാറുകയായിരുന്നു ഈ അധ്യാപകന്‍. കളിയിലും കാര്യമുണ്ടെന്ന് വിശ്വസിക്കുന്ന അദ്ദേഹം ക്രിയാത്മകതയും പോസിറ്റീവ് എനര്‍ജിയും പ്രസരിപ്പിക്കുന്നതിന്റെ ഭാഗമായി ഒഴിവുവേളകളില്‍ വിദ്യാര്‍ത്ഥികളോടൊത്തും സ്വന്തം മക്കളോടൊത്തും നൗഷാദ് സ്ഥിരമായി ഫുട്‌ബോള്‍ കളിക്കാറുണ്ട്.

കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം 2020 ല്‍ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.


സ്‌കൂളിലേയും നാട്ടിലേയും വീരോചിതമായ സ്വീകരണങ്ങളും യാത്രയയപ്പുകളും ഏറ്റുവാങ്ങിയാണ് ഇന്നലെ കണ്ണൂരില്‍ നിന്നും അദ്ദേഹം ദോഹയിലേക്ക് പറന്നത്. ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫിഫ അദ്ദേഹത്തിന് ജോലി നിശ്ചയിച്ചിരിക്കുന്നത്. ഗാലറിയില്‍ കാണികള്‍ക്ക് സഹായകവും പ്രചോദനവുമാകുന്ന ഡ്യൂട്ടിയാണ് ഫിഫ നൗഷാദിന് നല്‍കിയിരിക്കുന്നത്.


2016 ല്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍വെച്ച് നടന്ന ലോക മാസ്റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ച നൗഷാദ് 55 വയസ്സാകുന്നതോടെ പുതിയൊരു റിക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് .

ഫുട്‌ബോളും പാട്ടും നിരവധി ഇംഗ്ലിഷ് കവിതാ സമാഹാരങ്ങളുടെ കര്‍ത്താവായ നൗഷാദിന് എന്നും ഹരമായിരുന്നു. ആ ഹരമാണ് ആല്‍ബങ്ങളുടെ പിറവിക്കും അന്താരാഷ്ട്ര അംഗീകാരത്തിനും ഇടവരുത്തിയത്. നൗഷാദിന്റെ മക്കളും ഭാര്യയും ഫുട്‌ബോളിനോടും പാട്ടിനോടും ഒരു പോലെ കമ്പമുള്ളവരാണ് .

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ചുണ്ടുകളില്‍ ബാസില സില തത്തിക്കളിക്കുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാം, ഫിഫ ലോകകപ്പിനുള്ള മലയാളികളുടെ സമര്‍പ്പണമാണത്.

പാട്ടിന്റെ ലിങ്കുകള്‍

 

https://youtu.be/bTQ8PTe12is

 

 

https://youtu.be/quZ57dN11qg

Related Articles

Back to top button
error: Content is protected !!