ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് കളികാണാനും ആഘോഷങ്ങളില്‍ പങ്കാളികളാവാനും മൂന്ന് ഫാന്‍ സോണുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ലോകഫുട്‌ബോള്‍ മാമാങ്കമായ ഫിഫ ലോകകപ്പ് നടക്കുമ്പോള്‍, ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും കളികാണാനും ആഘോഷങ്ങളില്‍ പങ്കാളികളാവാനും മൂന്ന് ഫാന്‍ സോണുകള്‍ ഒരുക്കി സംഘാടകര്‍. തൊഴിലാളികള്‍ ധാരാളമായി താമസിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലാണ് ആഘോഷങ്ങളുടെ ആരവങ്ങളില്‍ പങ്കുചേരാന്‍ സഹായകമായ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫാന്‍ സോണുകളൊരുക്കുന്നത്.
ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 55, അല്‍ ഖോര്‍ സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവിടങ്ങളില്‍ മൂന്ന് ഫാന്‍ സോണുകളും ഇ്ന്ന് മുതല്‍ ഡിസംബര്‍ 18 സജീവമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ ഫാന്‍ സോണുകളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും സോണുകളിലേക്ക് പ്രവേശിക്കാന്‍ ഹയ്യ കാര്‍ഡ് ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ വിഭാഗം ആളുകള്‍ക്കും ലോകകപ്പ് ആസ്വദിക്കാനും വലിയ സ്‌ക്രീനുകളില്‍ കളികാണാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ക്ക് പുറമേ വൈവിധ്യമാര്‍ന്ന കലാപരിപാടികളും കായിക മല്‍സരങ്ങളും അരങ്ങേറും.
ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 55 ഫെസ്റ്റിവല്‍ സോണില്‍, കായിക മത്സരങ്ങള്‍, നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങള്‍, സൗജന്യ ഡയബറ്റിക്, രക്തസമ്മര്‍ദ്ദ പരിശോധനങ്ങള്‍ എന്നിവയുമുണ്ടാകും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും ഫാന്‍ സോണുകള്‍ പ്രവര്‍ത്തിക്കുക.