
ലോകകപ്പിനായി ഖത്തറിലേക്ക് വരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ഖത്തറില്‍ ലോകോത്തര ആരോഗ്യ പരിചരണം ലഭ്യമാണ്. എങ്കിലും പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്നോര്‍ക്കുക. മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മിക്ക ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാനായേക്കും.
ഖത്തറിലെ താമസം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഓരോ യാത്രക്കാരനും കളിയുടെ പൂര്‍ണതയില്‍ ആസ്വാദിക്കുന്നതിനും സാധ്യമായ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് സമയം പാഴാക്കാതെ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവിസമരണീയമായ അനുഭവമാക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസും സീസണല്‍ ഫ്‌ളൂ വാക്‌സിനുമെടുക്കുക, ഓരോരുത്തരും അവനവന്റെ രക്തഗ്രൂപ്പ് അറിയുക, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ മരുന്നും പ്രിസ്‌ക്രിപ്ഷനും കൂടെ കരുതുക, അനുയോജ്യമായ വസ്ത്രങ്ങള്‍ പാക്ക് ചെയ്യുക, കണ്ണട ഉപയോഗിക്കുന്നവര്‍ ഒരു സെറ്റ് കണ്ണട അധികമായി കരുതുക എന്നിവയാണ് പൊതുജനാരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ www.moph.gov.qa സന്ദര്‍ശിക്കുകയോ ചെയ്യാം. നമുക്ക് ഫിഫ 2022 ലോകകപ്പ്് ഖത്തര്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഒരനുഭവമാക്കി മാറ്റാം.