ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും ഫാന്‍ സോണുകള്‍ ഒരുക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആഘോഷങ്ങളും ആരവങ്ങളും ലോകമെമ്പാടുമുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, പലസ്തീന്‍, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ലെബനാന്‍, യെമന്‍, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങി ചില രാജ്യങ്ങളില്‍ ഫാന്‍ സോണുകള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. .
ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി , ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍ ഖത്തര്‍ ചാരിറ്റി, ബിഇന്‍ സ്പോര്‍ട്ട്, ഖത്തര്‍ വിദേശകാര്യ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖത്തര്‍ 2022 എല്ലാവര്‍ക്കും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംയുക്ത മാനുഷിക സംരംഭത്തിന്റെ ഭാഗമായാണിതെന്ന് ഇന്നലെ ആതിഥേയ രാജ്യ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ പറഞ്ഞു,
ഈ സംരംഭത്തിന് കീഴില്‍ ബംഗ്ലാദേശിലെ മൂന്ന് വ്യൂവിംഗ് സെന്ററുകളില്‍ പ്രതിദിനം 6,800 വരെ ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സുഡാനിലെ നാല് സ്ഥലങ്ങളിലായി പ്രതിദിനം 50,000 വരെ ഫുട്‌ബോള്‍ ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട് .
ഇറാഖില്‍, മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം ഏകദേശം 2,400 ആരാധകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ജോര്‍ദാനിലെ 10 കേന്ദ്രങ്ങളില്‍ 55,364 ആളുകള്‍ക്ക് ആതിഥേയത്വം വഹിക്കും.
ദുരന്ത ബാധിത രാജ്യങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ കായികരംഗത്തെ പങ്ക് വര്‍ധിപ്പിക്കുക, സമാധാനത്തിന്റെയും സാമൂഹിക സംയോജനത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, കുടിയിറക്കപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കും മാനസിക പിന്തുണ നല്‍കുക, ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സന്തോഷം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കൊപ്പം പങ്കിടുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍, ” അല്‍ ഖാതര്‍ പറഞ്ഞു.
രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാനും സഹകരിപ്പിക്കാനും സമാധാനവും സംവാദവും സുതാര്യതയും വളര്‍ത്താനുമുള്ള ഫലപ്രദമായ മാര്‍ഗമായാണ് കായിക രംഗത്തെ ഖത്തര്‍ നോക്കി കാണുന്നത്. സുസ്ഥിര വികസനം വര്‍ധിപ്പിക്കുന്ന ഒരു നല്ല സാമൂഹിക മാറ്റം വരുത്താനുള്ള സ്പോര്‍ട്സിന്റെ കഴിവിലുള്ള ഞങ്ങളുടെ ഉറച്ച വിശ്വാസത്തെയാണ് ഫാന്‍ സോണുകള്‍ പ്രതിഫലിപ്പിക്കുന്നത്, അവര്‍ പറഞ്ഞു.
”യുഎന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകത്ത് 89 ദശലക്ഷത്തിലധികം അഭയാര്‍ഥികളും നാടുകടത്തപ്പെട്ടവരും ഉണ്ട്. 35 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്തവരും കുട്ടികളും കുടിയൊഴിപ്പിക്കലിന്റെ ആഘാതം അനുഭവിക്കുന്നു. അവരുമായും ലോകകപ്പിന്റെ സന്തോഷം പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് ഖത്തര്‍ ചാരിറ്റിയിലെ ചീഫ് ഗ്ലോബല്‍ പ്രോഗ്രാം ഓഫീസര്‍ നവാഫ് എ അല്‍ ഹമ്മദി പറഞ്ഞു,
ഫിഫ ഖത്തര്‍ 2022 ഗെയിമുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സ്‌പോര്‍ട്‌സ്, വിനോദം, വിജ്ഞാനപ്രദമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനും പങ്കാളികളുമായി സഹകരിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഏഴു രാജ്യങ്ങളിലായി ഏകദേശം 180,000 ഗുണഭോക്താക്കള്‍ക്കായി വലിയ പൊതു സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് ക്യുആര്‍സിഎസിലെ റിലീഫ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.