ഖത്തറില്‍ ഗവണ്മെന്റ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് പഠിക്കാനും പുനഃപരിശോധിക്കാനും ടെക്‌നിക്കല്‍ കമ്മിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഗവണ്മെന്റ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് പഠിക്കാനും പുനഃപരിശോധിക്കാനും ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
ഫീസുകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കമ്മിറ്റി പരിഗണിക്കും. ഇപ്പോള്‍ നല്‍കുന്ന ഫീസും അതിന് നല്‍കുന്ന സേവനവും താരതമ്യം ചെയ്യുകയും ഫീസ് കൂടുതലാണോ കുറവാണോ എന്നും ഫീസ് ഈടാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. പല സേവനങ്ങളുടേയും ചാര്‍ജുകള്‍ കുത്തനെ കൂട്ടിയതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ പ്രയാസത്തിലായിരുന്നു.
ഫീസ് ഈടാക്കുന്നത് മൂലം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വിലക്കയറ്റം, മറ്റു ചെലവുകള്‍ തുടങ്ങിയ ഘടകങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും കമ്മിറ്റി പരിശോധിക്കും.