Archived Articles

വംശീയതയെ ചെറുക്കാന്‍ ഇസ് ലാമിക ദര്‍ശനത്തിനേ കഴിയൂ – ഡോ. അബ്ദുല്‍ വാസിഅ്

അമാനുല്ല വടക്കാങ്ങര

ദോഹ. പടിഞ്ഞാറ് നിന്നും അടിച്ചു വീശുന്ന വംശവെറിയെ ചെറുക്കാനും മാനവികതയില്‍ മനുഷ്യരെ ഐക്യപ്പെടുത്താനും ഇസ് ലാമിക ദര്‍ശനത്തിനേ സാധിക്കുകയുള്ളൂവെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് – ദോഹ ഡയറക്ടറും അല്‍ മദ്രസ്സത്തുല്‍ ഇസ് ലാമിയ പ്രിന്‍സിപ്പലുമായ ഡോ അബ്ദുല്‍ വാസിഅ് അഭിപ്രായപ്പെട്ടു.

ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദനാളുകള്‍ എന്ന തലക്കെട്ടില്‍ സി.ഐ.സി പ്രഖ്യാപിച്ച കാമ്പയിനിന്റെ ദോഹ സോണല്‍ തല ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ് ലാമോഫോബിയയുടെ ഈ കാലത്തും ഇ സ് ലാമിക ദര്‍ശനത്തിന് ലഭിക്കുന്ന ആശയപരമായ സ്വീകാര്യത പുതിയ കാലത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഇസ് ലാം പരിഹാരമാകുന്നുവെന്നതിന്റെ തെളിവാണന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും എളുപ്പത്തില്‍ അറിയപ്പെടാനും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും എന്തിനേറെ രാഷ്ട്രീയാധികാരം കൈപ്പിടിയിലൊതുക്കാനും നിലനിര്‍ത്താനും വരെ ഇസ്ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ആക്രമിച്ചാലും നിന്ദിച്ചാലും മതി എന്നതാണ് വര്‍ത്തമാനകാല സവിശേഷതയെന്ന് ആമുഖഭാഷണം നിര്‍വഹിച്ച സി ഐ സി ദോഹ സോണ്‍ പ്രസിഡന്റ് മുസ്താഖ് ഹുസൈന്‍ പറഞ്ഞു.

നിരുപാധികവും ആത്യന്തികവുമായ സ്വാതന്ത്ര്യ0 മിഥ്യയാണ്. മനുഷ്യസമൂഹത്തില്‍ പ്രായോഗികമായി നടപ്പുള്ളതല്ല. ഈ മിഥ്യാ ധാരണകളെ പ്രയോഗവല്‍ക്കരിച്ചതിന്റെ ദുരന്തങ്ങളാണ് ഇപ്പോള്‍ പാശ്ചാത്യന്‍ ലോകം നേരിട്ടുകൊണ്ടിക്കുന്നത്- ലിബറലിസം സര്‍വ്വനാശത്തിലേക്കോ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വിമണ്‍ ഇന്ത്യ പ്രതിനിധി സന നസീം ചൂണ്ടിക്കാണിച്ചു..

സി ഐ സി കേന്ദ്ര സമിതി അംഗം പി പി അബ്ദുറഹിം, വിമന്‍ ഇന്ത്യ സോണല്‍ പ്രസിഡന്റ് ലുലു അഹ്‌സന, സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രതിനിധി ഷഹ്‌സാദ് ഹസ്സന്‍ , സോണല്‍ വൈസ് പ്രസിഡന്റ് ഐ എം മുഹമ്മദ് ബാബു,ഗേള്‍സ് ഇന്ത്യ പ്രതിനിധി ഹന അസ്ലം എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഷമീം ഇസ്സുദ്ദീന്‍ സമാപന പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. സോണല്‍ വൈസ് പ്രസിഡന്റ് ബശീര്‍ അഹ്‌മദ് സ്വാഗതം പറഞ്ഞു.

ഇര്‍ഫാന്‍ യാസീന്‍ ഷംഷീറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് മുഹമ്മദ് ഷെരീഫ് വി എ , സന്നൂന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാമ്പയിനിന്റെ അല്‍ ഖോര്‍ മേഖലാ പ്രഖ്യാപന സമ്മേളനം സോണല്‍ ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.യാസര്‍ അറഫാത്ത് കരിങ്ങനാട് ഇസ് ലാം പ്രതിനിധാനത്തിന്റെ 75 ആണ്ടുകള്‍ എന്ന വിഷയമവതരിപ്പിച്ചു.

വിമന്‍ ഇന്ത്യ പ്രതിനിധി സാജിദ ഇസ് മാഈല്‍ പ്രസംഗിച്ചു. സോണല്‍ സെക്രട്ടറി
തൗഫീഖ് മമ്പാട് സ്വാഗതവും സോണല്‍ സമിതി മെമ്പര്‍ അബ്ദുല്‍ ഹഖ് കുന്ദമംഗലം നന്ദിയും പറഞ്ഞു.

ലബീബ് അഹ്‌മദ്,, ലുബൈബ്, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!