Breaking News

ഇംഗ്‌ളീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിനെ ഉള്‍പ്പെടുത്തി പുതിയ സ്റ്റോപ്പ് ഓവര്‍ ഹോളിഡേ കാമ്പെയ്നുമായി ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ: ഇംഗ്‌ളീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിനെ ഉള്‍പ്പെടുത്തി പുതിയ സ്റ്റോപ്പ് ഓവര്‍ ഹോളിഡേ കാമ്പെയ്നുമായി ഖത്തര്‍ ടൂറിസം രംഗത്ത്. 2030 ഓടെ രാജ്യത്തേക്ക് പ്രതിവര്‍ഷം 60 ലക്ഷം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിടുന്നതാണ് ഈ കാമ്പയിന്‍.

48 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളമുള്ള ബെക്കാമിന്റെ ആക്ഷന്‍ പായ്ക്ക്ഡ് സാഹസികതയാണ് കാമ്പയിനിന്റെ പ്രധാന ആകര്‍ഷണം ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കുന്ന വൈവിധ്യമാര്‍ന്ന വിസ്മയ കാഴ്ചകളും അനാവരണം ചെയ്യുന്ന കാമ്പയിനില്‍ കലാ സാംസ്‌കാരിക കായിക ഹോട്ട്സ്പോട്ടുകള്‍ക്ക് പുറമേ മനോഹരമായ പ്രകൃതിദൃശ്യങ്ങളും പൈതൃകങ്ങളും ഉള്‍പ്പെടുന്നു.

ചരിത്രമയവിറക്കുന്ന പ്രാദേശിക വ്യക്തികളുടെ നേതൃത്വത്തില്‍, ബെക്കാം സൂഖ് വാഖിഫിലെ സുഗന്ധവ്യഞ്ജന വിപണികളിലൂടെ പര്യടനം നടത്തുകയും പ്രാദേശിക തെരുവ് കലകളുടെ മാസ്മരികതയില്‍ ലയിക്കുകയും ചെയ്യുന്നതും പാരമ്പര്യ പ്രാദേശിക രുചിക്കൂട്ടുകള്‍ അടുത്തറിയാന്‍ ശ്രമിക്കുന്നതുമൊക്കെ സന്ദര്‍ശകര്‍ക്കായി ഖത്തര്‍ ഒരുക്കിവെക്കുന്ന അവിസി്മരണീയ കാഴ്ചകളുടെ സൂചനയാണ് . മരുഭൂമിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചും മോട്ടോര്‍ ബൈക്കില്‍ ദോഹയ്ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ കാണുകയും ചെയ്യുന്ന ഡേവിഡ് ബെക്കാം തിരക്കുപിടിച്ച ലോകക്രമത്തില്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളും പ്രാധാന്യവുമാണ് അടയാളപ്പെടുത്തുന്നത്.

”ഡേവിഡിനെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്, അവിടെ അദ്ദേഹം സംസ്‌കാരത്തില്‍ മുഴുകുകയും ഖത്തറിലെ ജനങ്ങളുടെ ഊഷ്മളമായ ആതിഥ്യം നേരിട്ട് അനുഭവിക്കുകയും ചെയ്തു. ഓരോ വര്‍ഷവും ഖത്തറിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഡേവിഡിന്റെ പാത പിന്തുടരാനും അവരുടെ ആവേശകരമായ സാഹസികതയും ഓര്‍മ്മകളും സൃഷ്ടിക്കാനുമാണ് ഖത്തര്‍ ടൂറിസം ആഗ്രഹിക്കുന്നതെന്ന് കാമ്പെയിന്‍ സംബന്ധിച്ച് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ പ്രതികരിച്ചു.

സൂര്യന്‍, കടല്‍, മണല്‍, സമ്പന്നമായ പൈതൃകവും സംസ്‌കാരവും, ആശ്ചര്യപ്പെടുത്തുന്ന പ്രകൃതി, ആധുനികവും രസകരവുമായ നഗര വിശ്രമം എന്നിങ്ങനെ എല്ലാവര്‍ക്കും അവിശ്വസനീയമായ മൂല്യമുള്ള വൈവിധ്യങ്ങളാല്‍ ധന്യമാണ് ഖത്തറെന്ന് അദ്ദേഹം പറഞ്ഞു.

’48 മണിക്കൂറിനുള്ളില്‍ നേടാനാകുന്ന മികച്ച അനുഭവങ്ങളാല്‍ ഖത്തര്‍ എന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ബെക്കാം പറഞ്ഞത്. ഖത്തറിലെ ജനങ്ങള്‍ ഊഷ്മളവും സ്വാഗതം ചെയ്യുന്നവരുമാണ്, കുറച്ച് ദിവസങ്ങള്‍ ചെലവഴിക്കാനുള്ള മികച്ച സ്ഥലമാണിത്, അദ്ദേഹം പറഞ്ഞു.

”ഖത്തറിലെ ജനങ്ങള്‍ അവരുടെ സംസ്‌കാരത്തോട് ശരിക്കും അഭിനിവേശമുള്ളവരാണ്. ആധുനികവും പരമ്പരാഗതവുമായ ജീവിത സാഹചര്യങ്ങളുടെ മിശ്രിതം ശരിക്കും സവിശേഷമായ ഒരു ലോകമാണ് സൃഷ്ടിക്കുന്നത്.

ലോകജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഖത്തറില്‍ നിന്ന് ആറ് മണിക്കൂര്‍ യാത്ര മതി. അതുകൊണ്ട് തന്നെ മഹാഭൂരിഭാഗമാളുകള്‍ക്കും തങ്ങളുടെ യാത്രയിലെ ഒരു സ്റ്റോപ്പ് ഓവര്‍ ഒരു മിനി ബ്രേക്ക് ആക്കി മാറ്റുന്നതിനുള്ള മികച്ച സ്ഥലമാണ് ഖത്തര്‍ എന്നാണ് ഈ കാമ്പെയ്ന്‍ ഉയര്‍ത്തി കാണിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന്റെ ഏറ്റവും മികച്ച മൂല്യമുള്ള സ്റ്റോപ്പ്ഓവര്‍ പാക്കേജുകളെക്കുറിച്ച് ലോകാടിസ്ഥാനത്തില്‍ അവബോധം സൃഷ്ടിക്കാനാണ് ഈ കാമ്പെയിനിലൂടെ ഖത്തര്‍ ടൂറിസം ലക്ഷ്യമിടുന്നത്.

Related Articles

Back to top button
error: Content is protected !!