ഫിഫ 2022 ലോകകപ്പ് സമയത്ത് പ്രതിദിനം 43 ദശലക്ഷം മിനിറ്റ് വോയ്സ് കോളുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഫിഫ 2022 ലോകകപ്പ് സമയത്ത് ഖത്തറിലെ മൊബൈല്‍ ഉപയോഗം ഉയര്‍ന്ന കാര്യക്ഷമത പുലര്‍ത്തിയതായും പ്രതിദിനം ശരാശരി 43 ദശലക്ഷം മിനിറ്റ് വോയ്സ് കോളുകള്‍ നടത്തിയതായും റിപ്പോര്‍ട്ട്. ലോകകപ്പ് സമയത്തെ ശരാശരി പ്രതിദിന ഡാറ്റ ഉപയോഗം 2,828 ടെറാബൈറ്റായിരുന്നു. കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) ടെക്നിക്കല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അലി അല്‍ സുവൈദി വെളിപ്പെടുത്തിയതാണിത്. 5ജി നെറ്റ്വര്‍ക്കില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത 276 എംബിപിഎസും് ശരാശരി അപ്ലോഡ് വേഗത 15എംബിപിഎസും ആയിരുന്നു.
ഫ്രീക്വന്‍സി സ്പെക്ട്രം മാനേജ്മെന്റ് മേഖലയില്‍ ഫിഫ ലോകകപ്പില്‍ അഭൂതപൂര്‍വമായ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റേഡിയോ ആപ്ലിക്കേഷനുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായി 25,000-ത്തിലധികം അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അല്‍ സുവൈദി പറഞ്ഞു. കൂടാതെ, 20,000-ലധികം റേഡിയോ ഉപകരണങ്ങള്‍ സ്‌പെക്ട്രം ടെസ്റ്റിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയമാവുകയും ആവശ്യമായ ടാഗ് നേടുകയും ചെയ്തു, ഇത് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വേദികളില്‍ അവ ഉപയോഗിക്കാന്‍ ലൈസന്‍സികളെ സഹായിച്ചു.