Breaking NewsUncategorized

പ്രവാസികളേയും പ്രവാസി പ്രശ്‌നങ്ങളേയും വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ ഗവണ്‍മെന്റുകള്‍ പരാജയം : റസാഖ് പാലേരി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. പ്രവാസികളേയും പ്രവാസി പ്രശ്‌നങ്ങളേയും വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ ഗവണ്‍മെന്റുകള്‍ പരാജയമാണെന്ന് വെല്‍ഫയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കള്‍ചറല്‍ ഫോറത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷ പരിപാടില്‍ സംബന്ധിക്കുന്നതിനായി ദോഹയിലെത്തിയ അദ്ദേഹം കള്‍ചറല്‍ ഫോം ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ വികസനത്തില്‍ വിശേഷിച്ച് കേരളത്തിന്റെ മുന്നേറ്റത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസികളെന്നും പ്രവാസി പ്രശ്‌നങ്ങളില്‍ അനുകൂലമായ നടപടികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക വിനിയമയത്തിലും പ്രവാസികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിദേശ രാജ്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക അംബാസിഡര്‍മാരാണ് പ്രവാസികള്‍.

എന്നിട്ടും പ്രവാസി വോട്ടവകാശം എന്നത് ഇന്നും ഒരു സ്വപ്നമായി തന്നെ നില്‍ക്കുകയാണ്. കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും, സാങ്കേതികവിദ്യ വികസിച്ച ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ മുന്നോട്ട് പോകാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അടുത്തവര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിമാന യാത്ര ടിക്കറ്റിന്റെ മറവില്‍ പ്രവാസികള്‍ കൊള്ളയടിക്കപെടുകയാണ്. കൂടുതല്‍ പ്രവാസികള്‍ യാത്ര ചെയ്യുന്ന സീസണുകളില്‍ വിമാന കമ്പനികള്‍ നടത്തുന്നത് പകല്‍ കൊള്ളയാണ് . ഇത് പരിഹരിക്കാന്‍ ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും പാര്‍ട്ടി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

ബജറ്റ് എയര്‍ലൈന്‍ എന്നതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ പറ്റുന്ന വിമാന കമ്പനികള്‍ പോലും കൂടുതല്‍ യാത്രക്കാറുള്ള സീസണുകളില്‍ സാധാരണ വിമാനക്കൂലിയെക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് ചാര്‍ജ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര വ്യാമയാന മന്ത്രലയത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ആലോചന കേന്ദ്ര ഗവണ്‍മെന്റ് ഭാഗത്തും നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇത് പ്രവാസികളെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും തകര്‍ക്കുമെന്നും ഇത്തരം ആലോചനകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസം ഏറെ സ്വാധീനിച്ച ഒരു സംസ്ഥാനമാണ് കേരള സംസ്ഥാനം. എന്നാല്‍ പ്രവാസി പ്രശ്‌നങ്ങളെ അതിന് അര്‍ഹിച്ച ഗൗരവത്തോടെ കാണാന്‍ കേരള ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല. ഒരുപക്ഷേ പ്രവാസികളുടെ പേരില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് സാമ്പത്തിക ധൂര്‍ത്ത് നടത്തുന്നു എന്നതല്ലാതെ പ്രവാസി പ്രശ്‌നങ്ങളെ കാര്യക്ഷമമായി അഡ്രസ് ചെയ്യുന്നതിലും പ്രവാസ ലോകത്ത് മാറിവരുന്ന തൊഴില്‍ പ്രതിസന്ധികളെയും തൊഴില്‍ നഷ്ടങ്ങളെയും അഡ്രസ്സ് ചെയ്യാനും കേരള ഗവണ്‍മെന്റിനും സാധിച്ചിട്ടില്ല.

പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മക്കളുടെ തുടര്‍പഠനം എന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രവാസി യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണമെന്ന് ആവശ്യം കേരള സര്‍ക്കാര്‍ ഗൗരവത്തില്‍ കാണണം. അവിടെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സാധാരണ ഫീസില്‍ പഠിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവണം. മെഡിക്കല്‍ സീറ്റുകളില്‍ ഉള്‍പ്പെടെ എന്‍ആര്‍ഐ കോട്ട എന്ന പേരില്‍ നടക്കുന്ന ഫീസ് കൊള്ള അവസാനിപ്പിക്കണം. എന്‍ ആര്‍ ഐ റിസര്‍വേഷനില്‍ വിദേശങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ഗവണ്‍മെന്റ് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലും കൂടി വ്യാപിപ്പിച്ച് നാട്ടില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള അറിവും പരിശീലനവും വിദേശങ്ങളിലെ മലയാളികള്‍ക്കും നല്‍കണം. ഗള്‍ഫിലെ അനുഭവ പരിചയവും കേരളത്തിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശീലനം ലഭിക്കുമ്പോള്‍ പ്രവാസികള്‍ക്ക് നാട്ടില്‍ ചെറിയ ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ക്കായി നിരവധി സ്ഥാപനങ്ങളും സംരംഭങ്ങളും കേരള ഗവണ്‍മെന്റ് കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഓഡിറ്റ് നടത്തി കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തണം. പ്രവാസികള്‍ക്കായുള്ള പല ബോഡികളിലും നടക്കുന്ന നിയമനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാണ്. അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ള പ്രവാസികളെ നിയമിച്ച് വിവിധ ബോഡികള്‍ കൂടുതല്‍ കാര്യക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഫാസിസത്തിനെതിരെ കര്‍ണാടക മോഡല്‍ ഐക്യവും സഹകരണവും പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് മുനീഷ് എ.സി, വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, മീഡിയ കോഡിനേറ്റര്‍ റബീഹ് സമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!