നോര്‍ക്ക ഫണ്ടുകളുടെ ദുര്‍വിനിയോഗം അനുവദിക്കാനാകില്ല – കള്‍ച്ചറല്‍ ഫോറം

ദോഹ. നോര്‍ക്ക ഫണ്ടുകളുടെ ദുര്‍വിനിയോഗം അനുവദിക്കാനാകില്ലെന്ന് കള്‍ച്ചറല്‍ ഫോറം പ്രസ്താവന. സംസ്ഥാന സമ്പദ് ഘടനയില്‍ നിര്‍ണ്ണായക സംഭാവനകളര്‍പ്പിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നീക്കിവച്ചിട്ടുള്ള നോര്‍ക്ക ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ അനുവദിക്കാനാകില്ല. മാര്‍ക്കറ്റ് റിസര്‍ച്ചിനായി അനുവദിച്ച തുകയില്‍ നിന്ന് പത്തു ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ഫെസിലിറ്റേഷന്‍ കേന്ദ്രത്തിനു അനുവദിച്ച തുകയില്‍ എഴുപത്തിയഞ്ചു ശതമാനവും ഉപയോഗപ്പെടുത്തിയിട്ടില്ല. ജോബ് പോര്‍ട്ടലിനും വിദേശ റിക്രൂട്‌മെന്റിനും അനുവദിച്ച തുകയിലും നല്ലൊരുശതമാനം ഉപയോഗപ്പെടുത്താതെ ബാക്കിയാണ്. സ്വദേശിവല്‍ക്കരണവും പ്രാദേശിക പ്രതിസന്ധികളും മൂലം പ്രവാസി തൊഴില്‍ മേഖലയില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വീഴ്ചകളെന്നത് കൂടുതല്‍ ഗൗരവതരമാണ്.
നോര്‍ക്ക സംവിധാനങ്ങളെക്കുറിച്ചും ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും നാളുകളായി തുടരുന്ന ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്നു നോര്‍ക്ക ചെയര്‍മാന്റെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും എല്ലാം വാക്കുകളിലൊതുങ്ങുന്ന അവസ്ഥയാണ്. കൃത്യമായ ആസൂത്രണത്തിലൂടെ പരിഹരിക്കാവുന്ന ഇത്തരമാ വിഷയങ്ങളില്‍ നോര്‍ക്ക ചെയര്‍മാന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നു കള്‍ച്ചറല്‍ ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.