ഐസിബിഎഫ് രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ഐസിബിഎഫ് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള നിരവധി പേരാണ് രക്തം ദാനം ചെയ്യാനായെത്തിയത്.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫിന്റെ കോഓര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ഖത്തറില്‍ എത്തിയതിന് ശേഷമുള്ള തന്റെ ആദ്യ കമ്മ്യൂണിറ്റി പരിപാടിയായി രക്ത ദാന ക്യാമ്പ് മാറിയതില്‍ അദ്ദേഹം പ്രത്യേകം സന്തോഷമറിയിച്ചു. സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളെയും തിരികെ നല്‍കാനുള്ള അവരുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.
ഐസിബിഎഫ് സെക്രട്ടറിയും ബ്ലഡ് ഡൊണേഷന്‍ കണ്‍വീനറുമായ മുഹമ്മദ് കുഞ്ഞി ക്യാമ്പിന്റെ ലക്ഷ്യവും രക്തദാനത്തിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. ഇത്തരം രക്തദാന സംരംഭങ്ങളുടെ പ്രാധാന്യവും ഓരോ മാസവും വിവിധ കമ്മ്യൂണിറ്റി പരിപാടികള്‍ നടത്താനുള്ള ഐസിബിഎഫിന്റെ പ്രതിബദ്ധതയും ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഊന്നിപ്പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്സി) ജനറല്‍ സെക്രട്ടറി നിഹാദ് അലി ഐസിസിയുടെയും ഐസിബിഎഫിന്റെയും മുന്‍ പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഐസിബിഎഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും ട്രഷറര്‍ കുല്‍ദീപ് കൗര്‍ നന്ദിയും പറഞ്ഞു.
അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, സറീന അഹദ്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ്, കുല്‍വീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെയുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ് പരിപാടി ഏകോപിപ്പിച്ചത്. അഡൈ്വസറി അംഗങ്ങളായ ടി.രാമശെല്‍വം, ശശിദര്‍ ഹെബ്ബാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.