
സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പിന് ദോഹയില്‍ തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ: 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 28 ടീമുകള്‍ പങ്കെടുക്കുന്ന സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് ദോഹയിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ ആരംഭിച്ചു.
ഖത്തര്‍ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നടക്കുന്ന സ്ട്രീറ്റ് ചൈല്‍ഡ് വേള്‍ഡ് കപ്പ് 2022 ല്‍ ആണ്‍കുട്ടികളുടെ 15 ടീമുകളും പെണ്‍കുട്ടികളുടെ 13 ടീമുകളുാണ് മാറ്റുരക്കുന്നത്. അതില്‍ 10 ടീമുകളെ പ്രതിനിധീകരിക്കുന്നത് അഭയാര്‍ത്ഥികളോ നാടുകടത്തപ്പെട്ടവരോ ആണ്.
ഔദ്യോഗിക നറുക്കെടുപ്പിന് ശേഷം, കുറച്ച് ദിവസത്തെ പരിശീലന. പൂര്‍ത്തിയാക്കി ഗ്രൂപ്പ് ഘട്ടങ്ങള്‍ ഒക്ടോബര്‍ 11 ചൊവ്വാഴ്ച ആരംഭിക്കും, ഒക്ടോബര്‍ 15 ശനിയാഴ്ചയാണ് കലാശക്കൊട്ട്.
എട്ട് ദിവസങ്ങളിലായി ടീമുകള്‍ ലോകകപ്പ് മാതൃകയിലുള്ള ടൂര്‍ണമെന്റില്‍ കളിക്കുകയും കലാ ശില്‍പശാലകളില്‍ ചേരുകയും ശിശുസൗഹൃദ കോണ്‍ഗ്രസ് സെഷനുകളില്‍ പങ്കെടുക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള തെരുവ് സാഹചര്യങ്ങളില്‍ ജീവിക്കുന്ന ദുര്‍ബലരായ യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതിനായാണ് ഇത്.
സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ജോണ്‍ വ്റോ ഉദ്ഘാടന പ്രസംഗത്തില്‍ ടീമുകളെ സ്വാഗതം ചെയ്തു. ‘ഇത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അരികുകളിലും നിഴലുകളിലും ഉണ്ടായിരുന്നവര്‍ക്കുമുള്ള ലോകകപ്പാണ്. നിങ്ങള്‍ ഇപ്പോള്‍ സെന്റര്‍ സ്റ്റേജിലാണ് , അദ്ദേഹം പറഞ്ഞു.
‘ഇത് കളങ്കം നേരിട്ടവര്‍ക്കുള്ള ലോകകപ്പാണ്. ഞങ്ങള്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു, നിരന്തരം പ്രവേശനം നിഷേധിക്കപ്പെടുന്നവരോ ആട്ടിയോടിക്കപ്പെടുന്നവരോ വളയപ്പെട്ടവരോ ആയവര്‍ക്കായി, ഞങ്ങള്‍ പറയുന്നു, ക്യൂവിന്റെ മുന്നിലേക്ക് വരൂ. നിങ്ങള്‍ പ്രധാനപ്പെട്ടവരാണ്. എല്ലാവരേയും എല്ലാറ്റിനെയും കൈവിട്ടുപോയവര്‍ക്ക്, ഇത് പ്രതീക്ഷയുടെ ലോകകപ്പാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.