
റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പി.സി.ആര്‍ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പി.സി.ആര്‍ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലെങ്കിലും ഖത്തറിലെത്തി 36 മണിക്കൂറിനകം പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളിലോ അംഗീകൃത പ്രൈവറ്റ് ഹോസ്പിറ്റലുകളിലോ ഈ പരിശോധന നടത്താം.
റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകളില്‍ എമിഗ്രേഷനില്‍ നിന്നും ഇത് സംബന്ധമായ സ്റ്റിക്കര്‍ പതിച്ചാണ് വിടുന്നത്. കൂടാതെ 36 മണിക്കൂറിനകം പി.സി.ആര്‍ പരിശോധന നടത്തണമെന്നും ഇഹ് തിറാസ് സ്റ്റാറ്റസ് നോക്കി മാത്രമേ പുരത്തിറങ്ങാവൂ എന്നും നിര്‍ദേശിക്കുന്ന എസ്. എം. എസും അയക്കുന്നുണ്ട്.
റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ ഇഹ് തിറാസ് പി.സി.ആര്‍ ഫലം വരുന്നതുവരെ മഞ്ഞ നിറമായിരിക്കും. അതിനാലാണ് പി.സി.ആര്‍ ഫലം വന്ന ശേഷമേ പുറത്തിറങ്ങാവൂ എന്ന് പറയുന്നത്. ഇഹ് തിറാസില്‍ മഞ്ഞ നിറമുള്ളപ്പോള്‍ പുറത്തിറങ്ങുന്നത് ക്വാറന്റൈന്‍ വ്യവസ്ഥകളുടെ ലംഘനമായാണ് കണക്കാക്കുക. രണ്ട് ലക്ഷം റിയാല്‍ വരെ പിഴ വഭിക്കാവുന്ന കുറ്റമാണിത്.