ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ അടുത്തിടെ പെയ്ത കനത്ത മഴ രാജ്യത്ത് കൊതുക് പ്രജനനത്തിന്റെ വര്‍ദ്ധനവിന് കാരണമായതായും ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ശീതകാലവും മഴക്കാലവും ആരംഭിക്കുന്ന സാഹചര്യത്തില്‍ ചിലതരം കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസില്‍ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സമൂഹത്തിന് ഉപദേശം നല്‍കി. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ ഡെങ്കിപ്പനി വൈറസ് ബാധയായി മാറിയിരിക്കുന്നു. ഡെങ്കിപ്പനി വൈറസ് പകരാന്‍ സാധ്യതയുള്ള ചില പ്രത്യേക തരം കൊതുകുകള്‍ ഖത്തറില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുന്‍കരുതലുകള്‍ എടുക്കാന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു. ഈഡിസ് ഈജിപ്തി എന്നറിയപ്പെടുന്ന വൈറസ് വഹിക്കുന്ന കൊതുക് ഒരാളെ കടിക്കുമ്പോള്‍ പടരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി.