പ്രവാസി പുനരധിവാസം സമൂഹത്തിന്റെ ബാധ്യത – അജിത് കോളശ്ശേരി
തിരുവനന്തപുരം. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ കയ്യൊപ്പ് അനിഷേധ്യമാണെന്നും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കേണ്ടത് സമൂഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു. എന്‍ആര്‍ഐ വെല്‍ഫെയര്‍ കൗണ്‍സിലും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് പ്രവാസി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന പ്രവാസി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി പുനരേകീകരണത്തിന് മുന്തിയ പരിഗണനയാണ് ഗവണ്‍മെന്റ് നല്‍കുന്നതെന്നും നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ സഹായങ്ങളും നോര്‍ക്ക ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ആശയങ്ങള്‍, പരിശീലനം, ബാങ്ക് വായ്പ ലഭ്യമാക്കല്‍ തുടങ്ങി ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ള പ്രവാസികളെ സജീവമാക്കുവാനാണ് നോര്‍ക്ക പരിശ്രമിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ സഹകരിക്കുന്നത് പ്രവാസി പുനരേകീകരണ പദ്ധതിയിലാണ്. പത്തൊമ്പതോളം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവാസി പുനരധിവാസത്തിന് നോര്‍ക്കയുമായി കൈകോര്‍ക്കുന്നുണ്ട്.
ചുവപ്പുനാടകളില്‍ കുടുങ്ങി പ്രൊജക്ടുകള്‍ കാലതാമസം വരാതിരിക്കുവാന്‍ സുതാര്യമായ ഏകജാലക സംവിധാനമാണ് ഗവണ്‍മെന്റ് പിന്തുടരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തോളം പ്രവാസി സംരംഭങ്ങള്‍ വിജയിപ്പിക്കാനായതായി അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമം, പ്രവാസി പെന്‍ഷന്‍ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശിയ അദ്ദേഹം സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി
കെ.എന്‍.എ അമീര്‍, കരമന ബയാര്‍, ഡോ.ഷഫീഖ് ഹുദവി , ഡോ. അമാനുല്ല വടക്കാങ്ങര
കലാ പ്രേമി ബഷീര്‍ ബാബു, എസ്. അമാനുല്ല സംസാരിച്ചു.
പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് പരിപാടി നിയന്ത്രിച്ചു. മുരളി എസ് നായര്‍ നന്ദി പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രവാസി ഭാരതി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5.30 ന് ഫോര്‍ട്ട് മാനര്‍ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശിവായം പ്രവാസി ഭാരതി കേരള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കര്‍ണാടക നിയമ സഭ സ്പീക്കര്‍ യു.ടി ഖാദര്‍ വിശിഷ്ട അതിഥിയായിരിക്കും.