സാംസ്‌കാരികാഘോഷം തീര്‍ത്ത് കെ.എം.സി.സി ‘വിസിറ്റ് ടു ദോഹ എക്‌സ്‌പോ 2023’ ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ എക്‌സ്‌പോ 2023 ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സ്‌പോ ഇന്റ്റര്‍നാഷണല്‍ സോണില്‍ നടത്തിയ പരേഡ് വിവിധ സാംസ്‌കാരിക കലകളുടെ പ്രകടനം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആറ് മാസം നീണ്ട് നിന്ന എക്‌സ്‌പോയുടെ സമാപനത്തോടനുബന്ധിച്ചാണ് പരേഡ് സംഘടിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ സന്ദേശമുയര്‍ത്തി കെ.എം.സി.സി. ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് അവതരിപ്പിച്ച പ്ലക്കാര്‍ഡ് പ്രകടനം, വിദ്യാര്‍ത്ഥികളുടെ സ്‌കൈറ്റിങ് അഭ്യാസം, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ കളരിപ്പയറ്റ്, കോല്‍ക്കളി, ദഫ് കളി, മുട്ടിപ്പാട്ട്, ചെണ്ടമേളം, മറ്റു കലാ പ്രകടനങ്ങള്‍, പ്രഫഷണല്‍ ഫോറം ഒരുക്കിയ ഹൈഡ്രോ പോണിക്‌സ് ഫാര്‍മിംഗ് സിസ്റ്റം പ്രദര്‍ശനം എന്നിവ പരേഡ് മികവുറ്റതാക്കി. കെ.എം.സി.സി. ഖത്തര്‍ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുടുംബങ്ങളും കുട്ടികളുമടക്കം അണി നിരന്ന് വര്‍ണാഭമായ അനുഭവമാണ് പരേഡ് എക്‌സ്‌പോ നഗരിക്ക് സമ്മാനിച്ചത്.
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി, സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ആദം കുഞ്ഞി, പി.കെ അബ്ദു റഹീം, ടി.ടി.കെ ബഷീര്‍ അബൂബക്കര്‍ പുതുക്കുടി സിദ്ദീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അശ്‌റഫ് ആറളം, താഹിര്‍ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സല്‍മാന്‍ എളയടം, ഷമീര്‍ പട്ടാമ്പി, ഫൈസല്‍ മാസ്റ്റര്‍ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍, വിവിധ സബ്കമ്മറ്റി, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.