മൊവാസലാത്തുമായി സഹകരിച്ച് മൊബൈല്‍ ലൈബ്രറി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം
ദോഹ: വിദ്യാര്‍ഥികളില്‍ പരന്ന വായനയും ഗവേഷണ പാഠവവും വളര്‍ത്തുന്നതിനായി മൊവാസലാത്തുമായി സഹകരിച്ച് മൊബൈല്‍ ലൈബ്രറി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. ലോക പുസ്തക ദിനത്തില്‍ ഉം അല്‍ അമദ് മോഡല്‍ സ്കൂള്‍ ഫോര്‍ ബോയ്സില് മൊബൈല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ആസ്വാദ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക, വായനാ രീതികള്‍ വൈവിധ്യവത്കരിക്കുക, പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക ആശയവിനിമയം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്.
വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മഹാ സായിദ് അല്‍ റുവൈലി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുത്തി സ്കൂള്‍ സമയത്തിന് പുറത്തുള്ള ഒഴിവുസമയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.