ലോകോത്തര അനിമല്‍ സെന്ററുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ
ദോഹ: മികച്ച സേവനത്തിനുള്ള പഞ്ചനക്ഷത്ര പദവിയുമായി ജൈത്രയാത്ര തുടരുന്ന ഖത്തര്‍ എയര്‍വേയ്‌സ് ലോകോത്തര അനിമല്‍ സെന്ററുമായി രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൃഗങ്ങളുടെ സുരക്ഷിതമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായാണ് 5,260 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ അനിമല്‍ സെന്റര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഉദ്ഘാടനം ചെയ്തത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഖത്തര്‍ എയര്‍വേയ്സ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറിനും സമീപമാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ആഗോളതലത്തില്‍ ഏറ്റവും വലിയ മൃഗ വാഹക കമ്പനി എന്ന നിലയില്‍, പുതിയ കേന്ദ്രത്തില്‍ നിക്ഷേപം നടത്തി മൃഗസംരക്ഷണത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ആവര്‍ത്തിച്ചു. ഓപ്പണിംഗിനൊപ്പം, ലൈവ് മൃഗങ്ങളുടെ ഗതാഗതത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു കൊണ്ടാണ് എയര്‍ലൈന്‍ മുന്നേറുന്നത്.
നാലര വര്‍ഷത്തെ ആസൂത്രണത്തിലാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയത്. 140 നായ്ക്കൂടുകളും 40 പൂച്ചക്കൂടുകളും ഉള്‍ക്കൊള്ളാന്‍ കഴിയും. നാല് സോണുകളിലായി 24 കുതിരലായങ്ങളുമുണ്ട്. ഏതാനും ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍, പക്ഷികള്‍, മത്സ്യം, ഉരഗങ്ങള്‍, വിദേശ സ്പീഷീസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ജീവികളെ പരിപാലിക്കുന്ന പ്രത്യേക മേഖലകളും ഇവിടെയുണ്ട്.