മലയാളി നഴ്സിന്റെ സമയോചിതമായ ഇടപടല്‍ വിമാനയാത്രക്കാരന് തുണയായി
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി നഴ്സിന്റെ സമയോചിതമായ ഇടപടല്‍, വിമാനയാത്രക്കാരന് തുണയായി . ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനയാത്രക്കിടെയാണ് സിസ്റ്റര്‍ നിഷയുടെ സമയോചിതമായ ഇടപടല്‍ യാത്രക്കാരന് തുണയായത്.
ദോഹയില്‍ നിന്നും വിമാനം പറന്നുയര്‍ന്നു ഏതാണ്ട് പകുതി പിന്നിട്ടപ്പോഴാണ് ഒരു യാത്രക്കാരന് പെട്ടെന്നു ശ്വാസതടസ്സം അനുഭവപ്പെടുകയും തളര്‍ച്ചയിലേക്ക് വീഴുകയും ചെയ്തത്. ഉടന്‍ തന്നെ കാബിന് ക്രൂ ഇടപെടുകയും ഡോക്ടറോ നഴ്സോ ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചു അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തു. അപ്പോഴാണ് പിന്‍സീറ്റില്‍ കുടുംബ സമേതം യാത്ര ചെയ്യുകയായിരുന്ന സിസ്റ്റര്‍ നിഷ എഴുന്നേറ്റ് രോഗിയുടെ അടുത്തേക് വരുന്നത്. ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് മനസിലാക്കുകയും ഉടന്‍ തന്നെ ഓക്സിജന്‍ മറ്റു പ്രഥമിക പരിചരണവും നല്കി യാത്രക്കാരനെ സാധാരണ നിലയിലേക്ക് എത്തിച്ചു. എന്നിട്ടും സിസ്റ്റര്‍ അവിടെ നിന്നും തിരിച്ചു മക്കളുടെ അടുത്ത് സ്വന്തം സീറ്റിലേക്ക് പോവാതെ രോഗിക്ക് കൂട്ടായി കണ്ണൂര്‍ വരെ തൊട്ടടുത്ത സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു.
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഫഹദ് പുത്തന്‍ പീടികയില്‍, കരിയാടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ തിയേറ്ററില്‍ ജോലിചെയ്ത സിസ്റ്റര്‍ നിഷ ഖത്തറിലെ പ്രവാസം മതിയാക്കി കുടുംബസമേതം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.ജീവിതത്തില്‍ ആദ്യമായാണ് വിമാനത്തില്‍ ഇങ്ങനെ ഒരു അനുഭവം എന്നും ഖത്തറില്‍ നിന്നുള്ള അവസാന യാത്രയില്‍ ഇങ്ങനെ ഒരു സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമു ണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.
ആകാശത്തിലെ മാലാഖയായി മാറിയ നിഷ സിസ്റ്ററിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫഹദിന്റെ ഫേസ് ബുക്ക് പോസ്റ്റ് സാമൂഹ്യ പ്രതിബദ്ധതയുടെ തിളങ്ങുന്ന മാതൃകയാണ്.