Local News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും സ്വര്‍ണ്ണ മെഡല്‍ സ്വീകരിച്ച സന്തോഷത്തില്‍ മലയാളി കുടുംബം


അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ യൂനി വേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടി, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും നേരിട്ട് സ്വര്‍ണ്ണ മെഡല്‍ സ്വീകരിച്ച സന്തോഷത്തിലാണ് നാദാപുരം നരിപ്പറ്റ സ്വദേശി ഹാനി ജസ്സിന്‍ ജാഫര്‍. ഖത്തര്‍ യൂണിവേസറ്റിയില്‍ നിന്നും മികച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ഈ മിടുക്കന്‍ ഖത്തര്‍ കെ എം സി സി നേതാവ് ജാഫര്‍ തയ്യില്‍ നാദാപുരം കക്കാടന്‍ റസീന ദമ്പതികളുടെ മകനാണ്.
ദോഹ ബിര്‍ള പബ്ലിക് സ്‌കൂളില്‍ നിന്നും മികച്ച മാര്‍ക്കില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ഹാനിക്ക് ബിരുദ പഠന കാലയളവില്‍ ഫിഫ ഖത്തര്‍ 2022, ഖത്തര്‍ ഫൗണ്ടേഷന്‍ ഹമദ് ബിന്‍ ഖലീഫ സര്‍വ്വകലാ ശാല കമ്പ്യൂട്ടര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു.

ഖത്തര്‍ സര്‍വ്വകലാശാല അങ്കണത്തില്‍ നടന്ന 47ാം മത് ബിരുദധാന ചടങ്ങില്‍ വെച്ച് ഖത്തര്‍ ഭരണാധികാരിയുടെ കരങ്ങളില്‍ നിന്നും നേരിട്ട് സ്വര്‍ണ്ണ മെഡല്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഹനിയുടെ കുടുംബം .ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അമീര്‍ നേരിട്ട് മെഡല്‍ കൈമാറുക.
ഖത്തര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുകയാണ് പിതാവ് ജാഫര്‍. മൂന്ന് മക്കളില്‍ മൂത്തവനാണ് ഹനി. പ്രൈമറി തലം മുതല്‍ ഖത്തറിലാണ് പഠനം . രണ്ടാമത്തെ മകള്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മൂന്നാമത്ത മകള്‍ ഹൈഫ നീറ്റ് പരീക്ഷാ റിസള്‍ട്ട് പ്രതീക്ഷിച്ചിരിക്കുകയാണ്. മൊബൈല്‍ / വെബ് ആപ്പ്‌ളികേഷനില്‍ പ്രത്യേക പ്രാവീണ്യമുള്ള ഹാനി ഈ രംഗത്ത് ജര്‍മനിയില്‍ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഖത്തര്‍ കെ.എം. സി.സി. ഗ്രീന്‍ ടീന്‍സ് പ്രവര്‍ത്തക സമിതി അംഗമായ ഹാനി ഇന്ത്യന്‍ എംബസ്സി / ഖത്തര്‍ ചാരിറ്റി / ഖത്തര്‍ മന്ത്രാലയ സംരംഭങ്ങളിലും സന്നദ്ധ സേവകനാണ്

Related Articles

Back to top button
error: Content is protected !!