Local News

ഖത്തറില്‍ 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ട്രാഫിക് ലംഘനങ്ങളുടെ തുകയില്‍ 50% ഇളവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ട്രാഫിക് ലംഘനങ്ങളുടെ തുകയില്‍ 50% ഇളവ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ലംഘനങ്ങള്‍ ഈ ഇളവില്‍ ഉള്‍പ്പെടുന്നു. ട്രാഫിക് വകുപ്പ് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2024 സെപ്റ്റംബര്‍ 1 മുതല്‍, ട്രാഫിക് നിയമ ലംഘകരെ രാജ്യത്തിന്റെ പോര്‍ട്ടുകള്‍ (കര/ വായു/ കടല്‍) വഴി പിഴയും കുടിശ്ശികയും അടക്കാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതല്ല എന്നാണ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച മറ്റൊരു പ്രധാന വിഷയം.

(മെട്രാഷ്2) ആപ്ലിക്കേഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ട്രാഫിക് വിഭാഗങ്ങള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഫൈന്‍ അടയ്ക്കാവുന്നതാണ്.

2024 മെയ് 22 മുതല്‍, താഴെപ്പറയുന്ന നിയമങ്ങളും നടപടികളും പ്രാബല്യത്തില്‍ വരുന്നതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മോട്ടോര്‍ വാഹന ഉടമകളെ അറിയിച്ചു
(1):
മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് ലഭിച്ചിരിക്കണം. ഇത് നിര്‍ദ്ദിഷ്ട ഫോമും താഴെപ്പറയുന്ന വ്യവസ്ഥകളും അനുസരിച്ചായിരിക്കണം:

  1. വാഹനത്തിന് അടച്ചു തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകള്‍ ഉണ്ടാകരുത്.
  2. മോട്ടോര്‍ വാഹനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം.
  3. പെര്‍മിറ്റിനായി അപേക്ഷിക്കുന്നയാള്‍ വാഹനത്തിന്റെ ഉടമയായിരിക്കണം, അല്ലെങ്കില്‍ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം.
    വാഹന എക്‌സിറ്റ് പെര്‍മിറ്റ് നിബന്ധനയില്‍ നിന്ന് താഴെ പറയുന്ന വാഹനങ്ങളെ ഒഴിവാക്കിയിരിക്കുന്നു:
  4. ജിസിസി രാജ്യങ്ങള്‍ ലക്ഷ്യസ്ഥാനമായി (എത്തുന്ന സ്ഥലം) ഉള്ള വാഹനങ്ങള്‍- (അവയ്ക്ക് യാതൊരു ഗതാഗത ലംഘനങ്ങളും ഉണ്ടായിരിക്കരുത്, കൂടാതെ ഡ്രൈവര്‍ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോ ആയിരിക്കണം).
  5. ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍.

(2):
ഖത്തര്‍ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ തിരിച്ചെത്തിക്കാന്‍ പാലിക്കേണ്ട നിയമങ്ങള്‍:
മുകളില്‍ പറയപ്പെട്ട (നമ്പര്‍ 1) ഇളവുകള്‍ ഒഴികെ, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങളുടെ ഉടമകള്‍ താഴെപ്പറയുന്നവ പാലിക്കണം:

  1. ഈ നിയമങ്ങളും നടപടിക്രമങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ ഈ അറിയിപ്പ് തീയതി മുതല്‍ (90) ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കുക. ഇല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് വാഹനം വിദേശത്ത് തുടരുന്നതിന് ഉടമ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് പെര്‍മിറ്റ് നേടിയിരിക്കേണ്ടതാണ്.
  2. പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, രാജ്യം വിടാന്‍ അനുവദിച്ച വാഹനം തിരികെ എത്തിക്കുക. കൂടുതല്‍ കാലാവധിക്ക്/കാലാവധികള്‍ക്ക് പെര്‍മിറ്റ് പുതുക്കാവുന്നതുമാണ്.

(3):
മേല്‍പ്പറഞ്ഞ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്ന പക്ഷം, (90) ദിവസത്തില്‍ കൂടാത്ത കാലയളവ് വരെ വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

(4):
ഈ നിയമം പുറപ്പെടുവിച്ച തീയതി മുതല്‍, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് രാജ്യത്തിനകത്ത് സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ച ശേഷമല്ലാതെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കി നല്കുന്നതല്ല.
നിയമപരമായ കാലയളവിനുള്ളില്‍ (അവസാനിച്ച തീയതി മുതല്‍ 30 ദിവസം) രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍, വാഹന ഉടമ ലൈസന്‍സ് നമ്പര്‍ പ്ലേറ്റുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നല്‍കണം.
പ്ലേറ്റുകള്‍ തിരികെ നല്‍കാത്ത പക്ഷം, മുകളില്‍ പരാമര്‍ശിച്ച ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരം നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതാണ്. (ഒരാഴ്ചയില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ തടവും (3,000) ഖത്തര്‍ റിയാലില്‍ താഴെയും (10,000) റിയാലില്‍ കൂടാതെയുമുള്ള പിഴയും, അല്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു).

(5):
2024 മെയ് 22 മുതല്‍, ട്രാഫിക് നിയമം ആര്‍ട്ടിക്ക്ള്‍ (49) പ്രകാരം, 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, എന്നിവ ഓരോ ദിശയിലും മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഡെലിവറി മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ എല്ലാ റോഡുകളിലും വലത് ലെയ്ന്‍ ഉപയോഗിക്കണം, ഇന്റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത് (300 മീറ്റര്‍) മുമ്പായി ലെയ്ന്‍ മാറ്റം അനുവദിക്കുന്നതാണ്.
നിര്‍ദ്ദിഷ്ട നിയമം പാലിക്കാത്ത പക്ഷം, നിയമ ലംഘകര്‍ക്കെതിരെ മുകളില്‍ പറഞ്ഞ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) അനുസരിച്ച് നടപടിക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്റെ റഫറലിന് വിധേയമായി നിയമനടപടി സ്വീകരിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!