ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐ.സി.ബി.എഫ് സ്വാതന്ത്യ ദിനാഘോഷം ‘ഭാരത് – ആസാദി കെ രംഗ് 2024’
ദോഹ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് ഐ.സി.സി അശോകാ ഹാളില്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ. സി. ബി.എഫ്) സംഘടിപ്പിച്ച 78-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ‘ഭാരത് – ആസാദി കേ രംഗ് 2024’, ദേശസ്‌നേഹത്തോടൊപ്പം, ഇന്ത്യന്‍ തൊഴിലാളി സൂഹത്തോടുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയായി. റാസ് ലഫാന്‍, മിസൈദ്, ദുഖാന്‍, അല്‍ഖോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങി, ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള ഏകദേശം 300 ഓളം തൊഴിലാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിദ്ധ്യം കൊണ്ട്, പരിപാടിയുടെ ആരംഭം മുതല്‍ തന്നെ അശോകാ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
ഏതാണ്ട് മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഐഷ് സിംഗാള്‍ സന്നിഹിതനായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയെ വിപുല്‍ പ്രശംസിക്കുകയും, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ജനസാന്നിദ്ധ്യം അദ്ദേഹം എടുത്തു പറയുകയും ചെയ്തു. ഇന്ത്യന്‍ എംബസിയെ തങ്ങളുടെ സ്വന്തം എംബസിയായി കരുതണമെന്നും, ഐ.സി.ബി.എഫ് മുഖേനയോ, മറ്റേതെങ്കിലും കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ മുഖേനയോ, നേരിട്ടു തന്നെയോ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നും, അവരുടെ സഹായത്തിന് ഇന്ത്യന്‍ എംബസ്സി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫിനെ അദ്ദേഹം പ്രശംസിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സ്വാതന്ത്ര്യ ദിനത്തിന് ശേഷമുള്ള അവധി ദിവസമായ വെള്ളിയാഴ്ച ആഘോഷം സംഘടിപ്പിച്ചതിലൂടെ, ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളി സഹോദരങ്ങളുടെ പങ്കാളിത്തം ഈ ആഘോഷങ്ങളില്‍ ഉറപ്പാക്കുവാനും അവര്‍ക്ക് പരിപാടികള്‍ ആസ്വദിക്കുവാനും കഴിഞ്ഞുവെന്ന് പറഞ്ഞു. ഇത് അവരോടുള്ള ഐ.സി.ബി.എഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍, ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി എന്നിവരും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി.ബി.എഫ് സെക്രട്ടറി ടി കെ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത്, സമീര്‍ അഹമ്മദ്, ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ്, ഉപദേശക സമിതി അംഗം ടി. രാമശെല്‍വം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത്.