
പിസിആര്‍ ടെസ്റ്റ്, പ്രവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണം : കള്‍ച്ചറല്‍ ഫോറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസി ഇന്ത്യക്കാരുടെ മാതൃരാജ്യത്തേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്രക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കോവിഡിന്റെ രണ്ടാം വരവിന്റെ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി ഖത്തര്‍ ഗവണ്‍മെന്റ് അനുവദിച്ചിരുന്ന സൗജന്യ പിസിആര്‍ ടെസ്റ്റ് നിര്‍ത്തല്‍ ചെയ്തതോടെ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് അനുഭപ്പെടുക. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ പ്രവാസികള്‍ പോലും ഉയര്‍ന്ന ചാര്‍ജ് നല്‍കി സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും യാത്രക്ക് മുന്നോടിയായി പിസിആര്‍ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഇഹ്തിറാസ് ആപ്പില്‍ പച്ചനിറം ഉള്ളവര്‍ക്കും പിസിആര്‍ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് യാത്ര അനുവദിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നിവേദനം കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി. ഈ വിഷയത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഭാഗത്തുനിന്നും സത്വരനടപടികള്‍ ഉണ്ടാവണമെന്നും ഖത്തറിലെ മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പ്രവാസികളുടെ ഈ ആവശ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങണമെന്നും കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ശശിധരപ്പണിക്കര്‍, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ആബിദ സുബൈര്‍, സുന്ദരന്‍ തിരുവനന്തപുരം, സജ്ജയ് ചെറിയാന്‍, റഷീദലി പിഎം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും സെക്രട്ടറി ഷാഫി മുഴിക്കല്‍ നന്ദിയും പറഞ്ഞു.