ഫാസിസം മാധ്യമങ്ങളെ ഉപയോഗിച്ച് ധ്രുവീകരണ അജണ്ടകള്‍ നടപ്പാക്കുന്നു: സി.പി. സൈദലവി
ദോഹ: ആദര്‍ശ ബന്ധിതമായ പ്രവര്‍ത്തനവും ദര്‍ശനങ്ങളുടെ പിന്‍ബലം ഉള്ള പ്രസ്ഥാനങ്ങളാണ് എന്നും നിലനിന്നിട്ടുള്ളതെന്നും അഭിമാനകരമായ നിലനില്‍പ്പിന് വേണ്ടി ആദര്‍ശ ജീവിതവും വ്യക്തിത്വവും കാത്ത് സൂക്ഷിക്കാന്‍ നമുക്ക് സാധിക്കണമെന്നും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ പത്ര പ്രവര്‍ത്തകനുമായ സി.പി. സൈദലവി അഭിപ്രായപ്പെട്ടു. ‘ഉത്തമ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ച് കെ.എം.സി.സിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്‌കാരിക അധിനിവേശങ്ങളെയും, അപരവല്‍ക്കരണങ്ങളെയും മൂല്യാധിഷ്ഠിത രാഷ്ട്രീയം കൊണ്ടും മിത നിലപാടുകൊണ്ടും അടിയുറച്ച ആത്മവിശ്വാസം കൊണ്ടും ചെറുക്കാന്‍ നമുക്ക് സാധിക്കണം. തീവ്ര നിലപാടുകള്‍ കൊണ്ടുള്ള പ്രതിരോധം ഭൂഷണമല്ല. ചരിത്രത്തില്‍ ഒരിടത്തും ഇതിന് വിജയവും ഉണ്ടായിട്ടില്ല. ജനാധിപത്യ വഴിയില്‍ പ്രതിരോധം തീര്‍ക്കുക എന്നതാണ് ശരിയായ പരിഹാരം. ന്യൂനപക്ഷ അവകാശങ്ങളെ സംശയ മുനയില്‍ നിര്‍ത്തി അപരവല്‍ക്കരിക്കുന്ന കാലമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഫാഷിസ്റ്റുകള്‍ അത്തരം പ്രചാരണങ്ങള്‍ നിര്‍വഹിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഫാഷിസ്റ്റ് പ്രേമോട്ടിംഗ് ഏജന്‍സികള്‍ പോലെ പ്രവര്‍ത്തിച്ച് അപകടം വിതക്കുന്നതും തിരിച്ചറിയേണ്ടതുണ്ട്. ഒരിടത്തിലും അഭിമാനം പണയപ്പെടുത്തരുതെന്ന് നമ്മെ സി.എച്ഛ് മുഹമ്മദ് കോയ അടക്കമുള്ള മുന്‍കാല നേതാക്കള്‍ നിരന്തരം ഉല്‍ബോധിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഉപദേശക സമിതി ഉപാധ്യക്ഷന്‍ അബ്ദു നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ നന്ദിയും പറഞ്ഞു. പി.വി മുഹമ്മദ് മൗലവി ഖിറാഅത്ത് നിര്‍വഹിച്ചു. ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, ടി.ടി.കെ ബഷീര്‍, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി തളങ്കര, സിദ്ധീക്ക് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മുറയൂര്‍, താഹിര്‍ താഹ കുട്ടി, വി.ടി.എം സാദിഖ്, സമീര്‍ മുഹമ്മദ്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി.