സാംസ്‌കാരികവും സാഹസികവും കുടുംബസൗഹൃദവുമായ പരിപാടികളിലൂടെ പൊതുജനങ്ങളെ ആകര്‍ഷിച്ച് റാസ് അബ്രൂക്ക്
ദോഹ: പ്രകൃതിയും സംസ്‌കാരവും വിനോദവും ഒരുമിച്ച് ഒരിടത്ത് പ്രദാനം ചെയ്യുന്ന പുതിയ വിനോദ കേന്ദ്രമായ റാസ് അബ്രൂക്ക് സാംസ്‌കാരികവും സാഹസികവും കുടുംബസൗഹൃദവുമായ പരിപാടികളിലൂടെ പൊതുജനങ്ങളെ ആകര്‍ഷിക്കുന്നു. വിസിറ്റ് ഖത്തര്‍ ഡിസംബര്‍ 18 നാണ് ഈ കേന്ദ്രം ഔദ്യോഗികമായി തുറന്നത്. ജനുവരി 18 വരെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.
യുനെസ്‌കോ അംഗീകരിച്ച അല്‍-റീം ബയോസ്ഫിയര്‍ റിസര്‍വിനു സമീപം പടിഞ്ഞാറന്‍ തീരത്താണ് റാസ് അബ്രൂക്ക്
സ്ഥിതി ചെയ്യുന്നത്. എല്ലാ പ്രായക്കാര്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന അഞ്ച് വ്യത്യസ്ത മേഖലകളാണ് റാസ് അബ്രൂക്ക് അവതരിപ്പിക്കുന്നത്.
നാളെ (ഡിസംബര്‍ 27), വൈകുന്നേരം 7 മണിക്ക്, റാസ് അബ്രൂക്കിന്റെ ഡെസേര്‍ട്ട് എസ്‌കേപ്പ് സോണില്‍ സാദ് അല്‍ ഫഹദിന്റെ മാന്ത്രിക സംഗീത കച്ചേരി നടക്കും. റാസ് അബ്രോക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകളില്‍ കച്ചേരിയും ഉള്‍പ്പെടും.
ഇന്ന് മുതല്‍ ആരംഭിക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ സവാരികള്‍, ഒട്ടക സവാരികള്‍, അമ്പെയ്ത്ത് ഗെയിമുകള്‍ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന പരിപാടികള്‍.
ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെ നടക്കുന്ന പൂന്തോട്ടപരിപാലനവും ആര്‍ട്ട് വര്‍ക്ക്ഷോപ്പുകളും ഉള്‍പ്പെടെ മറ്റു പല പരിപാടികളും ഇവിടെ നടക്കുന്നുണ്ട്.
പൊതുജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് റാസ് അബ്രൂക്ക് വാരാന്ത്യങ്ങളില്‍ (വെള്ളി, ശനി) രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവൃത്തിദിവസങ്ങളില്‍ (ഞായര്‍ മുതല്‍ വ്യാഴം വരെ) ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവന്റ് ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് : https://visitqatar.com/intl-en/events-calendar/ras-abrouq.സന്ദര്‍ശിക്കാം.