Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസും സ്റ്റുഡിയോ സമുച്ചയവും ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ പ്രവാസി സമൂഹങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും വളര്‍ച്ചയിലും ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട്, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിന്റേയും മഹത്തായ ഉദ്ഘാടനം 2025 നവംബര്‍ 20-ന് ദോഹയില്‍ നടന്നു.

നയതന്ത്രജ്ഞര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കമ്മ്യൂണിറ്റി – കോര്‍പ്പറേറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ്, ക്യു.എഫ്.എം ശൃംഖലയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെയും ഖത്തറിലെ പ്രവാസി മാധ്യമരംഗത്തെ അതിന്റെ സുപ്രധാനമായ പങ്കിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ശ്രീലങ്കന്‍ അംബാസഡര്‍ സിത്താര ആസാര്‍ഡ്, ക്യു.എഫ്.എം റേഡിയോ ശൃംഖല, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ജി എസ് എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, അല്‍ ഹിബര്‍ സര്‍വീസസ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ ഗാനിം സാദ് എം. അല്‍ സാദ് അല്‍ കുവാരി, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ വൈസ് ചെയര്‍മാന്‍ സൗദ് സാദ് അല്‍ കുവാരി, വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുല്‍ ലത്തീഫ്, സാംസ്‌കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവി ജാബിര്‍ മുഹമ്മദ് അലിയാന്‍, കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ സെക്ഷന്‍ മേധാവി നൂറ ജാബര്‍ അല്‍ മുറൈസിഖ് എന്നിവരുടെ പങ്കാളിത്തം ചടങ്ങിന് മാറ്റ് കൂട്ടി.

ഇന്ത്യന്‍, ശ്രീലങ്കന്‍ അംബാസഡര്‍മാരും, ചെയര്‍മാനും, വൈസ് ചെയര്‍മാന്‍മാരും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് പ്രധാന ഓഫീസ് ഉദ്ഘാടനം ചെയ്തതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന്, ഗാനിം അല്‍ സാദ് അല്‍ കുവാരി അല്‍ ഹിബര്‍ ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. ശ്രീലങ്കന്‍ അംബാസഡര്‍, ചെയര്‍മാന്‍, സാംസ്‌കാരിക മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിലെ പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പുതിയ സ്റ്റുഡിയോ സമുച്ചയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പുതുതായി അവതരിപ്പിച്ച സിതുല സ്റ്റുഡിയോ ശ്രീലങ്കന്‍ അംബാസഡറും, ബംഗ്ലാ സ്റ്റുഡിയോ ജാബിര്‍ മുഹമ്മദ് അലിയാനും, നേപ്പാള്‍ സ്റ്റുഡിയോ സൗദ് സാദ് അല്‍ കുവാരിയും ഉദ്ഘാടനം ചെയ്തു. മലയാളം സ്റ്റുഡിയോ ഇന്ത്യന്‍ അംബാസഡറാണ് ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥികള്‍ നവീകരിച്ച മുഴുവന്‍ ഓഫീസും സ്റ്റുഡിയോയും ചുറ്റിക്കണ്ട ശേഷം കോണ്‍ഫറന്‍സ് റൂമില്‍ നടന്ന കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഔദ്യോഗിക പരിപാടിയില്‍, കെ.സി. അബ്ദുല്‍ ലത്തീഫ് സ്വാഗതം ആശംസിച്ചു. ഈ ഉദ്ഘാടനത്തെ സ്ഥാപനത്തിന്റെ പ്രയാണത്തിലെ ഒരു നിര്‍ണ്ണായക നിമിഷമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എട്ട് വര്‍ഷം കൊണ്ട് ക്യു.എഫ്.എം കൈവരിച്ച വളര്‍ച്ച അദ്ദേഹം എടുത്തുപറഞ്ഞുഒറ്റ ഭാഷാ സ്റ്റേഷനായി രണ്ട് സ്റ്റുഡിയോകളോടെ ആരംഭിച്ച ക്യു.എഫ്.എം ഇന്ന് അഞ്ച് ചാനലുകള്‍, അഞ്ച് സ്റ്റുഡിയോകള്‍, മലയാളം, തമിഴ്, സിംഹള, നേപ്പാളി, ബംഗ്ലാ ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്ന ഒരു മള്‍ട്ടി-പ്ലാറ്റ്‌ഫോം നെറ്റ്വര്‍ക്കായി മാറിയിരിക്കുന്നു. അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന സാലിഹ് ബിന്‍ ഗാനിം അല്‍ അലിയുടെയും അന്നത്തെ ഇന്ത്യന്‍ അംബാസഡറായിരുന്ന പി. കുമരന്റേയും സാന്നിധ്യത്തില്‍ 2017-ല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. മൂല്യാധിഷ്ഠിത വിവര-വിനോദ ഉള്ളടക്കത്തോടുള്ള സ്റ്റേഷന്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് നിരന്തരം പ്രാധാന്യം നല്‍കുന്ന ഖത്തര്‍ ഭരണകൂടത്തിനും, പ്രത്യേകിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അബ്ദുല്‍ ലത്തീഫ് അഗാധമായ നന്ദി രേഖപ്പെടുത്തി.

കോവിഡ്-19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ തരണം ചെയ്തതും അദ്ദേഹം അനുസ്മരിച്ചു. ശ്രോതാക്കളുടെ വിശ്വാസവും ടീമിന്റെ അര്‍പ്പണബോധവും കാരണം ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ മലയാളം റേഡിയോ ഖത്തറിലെ നമ്പര്‍ 1 സ്വകാര്യ റേഡിയോ സ്റ്റേഷനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ത്ഥവത്തായതും, സാംസ്‌കാരികമായി ആദരവുള്ളതും, കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ പ്രോഗ്രാമുകളോടുള്ള നെറ്റ്വര്‍ക്കിന്റെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

തുടര്‍ന്ന്, ഇപ്‌സോസ് വീഡിയോ റിപ്പോര്‍ട്ട് ഗാനിം സാദ് അല്‍ കുവാരി പ്രകാശനം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തില്‍, ഒരു ഭാഷയില്‍ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന സ്റ്റേഷന്‍ ഇന്ന് വിവിധ ഭാഷകളില്‍ സേവനം നല്‍കുന്നതിലേക്ക് വളര്‍ന്നതിനെ അദ്ദേഹം പ്രശംസിച്ചു. ഇപ്‌സോസ് ഓഡിയന്‍സ് മെഷര്‍മെന്റ് റിപ്പോര്‍ട്ടില്‍ ക്യു.എഫ്.എം സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, എംബസികള്‍, പങ്കാളികള്‍, ജീവനക്കാര്‍, വിശ്വസ്തരായ ശ്രോതാക്കള്‍ എന്നിവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. മെച്ചപ്പെട്ട ഡിജിറ്റല്‍ ഇടപെടലിലും, തുടര്‍ന്നും മികച്ച സേവനം നല്‍കുന്നതിലും നെറ്റ്വര്‍ക്കിനുള്ള കാഴ്ചപ്പാടും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ക്യു.എഫ്.എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യന്‍ അംബാസഡര്‍ പ്രകാശനം ചെയ്തു. തന്റെ പ്രസംഗത്തില്‍, പ്രവാസികള്‍ക്കും ഇന്ത്യന്‍ എംബസിക്കും ഇടയിലുള്ള നിര്‍ണ്ണായകമായ ഒരു ആശയവിനിമയ പാലമാണ് ക്യു.എഫ്.എം റേഡിയോ നെറ്റ്വര്‍ക്കെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യഖത്തര്‍ സാംസ്‌കാരിക സഹകരണത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവരുന്നതിനെ അദ്ദേഹം എടുത്തു കാണിക്കുകയും ക്യു എഫ് എമ്മിന്റെ തുടര്‍ വിജയത്തിനായി എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍രുകയും ചെയ്തു. ക്യു എഫ് എം റേഡിയോ അതിന്റെ ചിറകുകളും സേവനങ്ങളും ഖത്തറില്‍ താമസിക്കുന്ന നിരവധി ഭാഷകളിലേക്കും ഇതര രാജ്യ പ്രവാസികളിലേക്കും വിജയകരമായി വ്യാപിപ്പിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും, രാജ്യത്ത് താമസിക്കുന്ന കേരളീയര്‍ കമ്മ്യൂണിറ്റി സേവനത്തില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. റേഡിയോക്ക് മാത്രം സാധ്യമാകും വിധം ഓണ്‍ എയര്‍, ഓണ്‍ ലൈന്‍, ഓണ്‍ ഗ്രൗണ്ട് ആക്ടിവേഷനുകള്‍ ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും നെറ്റ് വര്‍ക്ക് തുടര്‍ച്ചയായ സേവന മികവ് നിലനിര്‍ത്തുന്നതിലുള്ള വിജയവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിപാടിക്ക് പിന്തുണ നല്‍കുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തതിന്റെ അംഗീകാരമായി ചെയര്‍മാന്‍, ഇന്ത്യന്‍ അംബാസഡര്‍ക്കും, ശ്രീലങ്കന്‍ അംബാസഡര്‍ക്കും, ജാബിര്‍ മുഹമ്മദ് അലിയാന്‍, നൂറ ജാബര്‍ അല്‍ മുറൈസിഖ് എന്നിവര്‍ക്കും മെമന്റോകള്‍ സമ്മാനിച്ചു. ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ നന്ദി പ്രസംഗം നടത്തി. എല്ലാ വിശിഷ്ടാതിഥികള്‍ക്കും, പങ്കാളികള്‍ക്കും, കമ്മ്യൂണിറ്റി നേതാക്കള്‍ക്കും, പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം ഹൃദയംഗമമായ നന്ദി പറഞ്ഞു.

അന്ന് വൈകുന്നേരം 5:00 മണിക്ക് കമ്മ്യൂണിറ്റി നേതാക്കള്‍ക്കായി പുതിയ ഓഫീസില്‍ ഒരു പ്രത്യേക സന്ദര്‍ശന പരിപാടി നടന്നു. എ പി മണികണ്ഠന്‍ (ഐ.സി.സി. പ്രസിഡന്റ്), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്. പ്രസിഡന്റ്), ത്വാഹ അബ്ദുല്‍ കരീം (ഐ.ബി.പി.സി. പ്രസിഡന്റ്), പി.എന്‍. ബാബുരാജ് (ഉപദേശക സമിതി ചെയര്‍മാന്‍, ഐസിസി), ഷഹീന്‍ ഷാഫി (കെ.ബി.എഫ്. പ്രസിഡന്റ്), ശിഹാബ് (സംസ്‌കൃതി), എസ്.എ.എം. ബഷീര്‍ (മുന്‍ പ്രസിഡന്റ്, കെ എം സി സി), റഹീം (ക്യു.ഐ.എ. പ്രസിഡന്റ്), കെ.ടി. മുബാറക്ക് (സി.ഐ.സി. വൈസ് പ്രസിഡന്റ്), അര്‍ഷാദ് ഇ (സി.ഐ.സി. ജനറല്‍ സെക്രട്ടറി), റഹീം ഓമശ്ശേരി (സി.ഐ.സി. വൈസ് പ്രസിഡന്റ്), തൗഫീഖ് അസ്ലം (യൂത്ത് ഫോറം പ്രസിഡന്റ്), ദുലീപ് (പ്രസിഡന്റ്, ശ്രീലങ്ക അസോസിയേഷന്‍), ടെനിസണ്‍ ഡി സില്‍വ (മുന്‍ പ്രസിഡന്റ്, ശ്രീലങ്ക അസോസിയേഷന്‍), മുനിയപ്പ (പ്രസിഡന്റ്, ഖത്തര്‍ തമിഴര്‍ സംഘം), മണിഭാരതി (മുന്‍ പ്രസിഡന്റ്, ഖത്തര്‍ തമിഴര്‍ സംഘം), റൂബന്‍ (പ്രസിഡന്റ്, അദിരന്‍ ചിലമ്പം), വി.ടി. ഫൈസല്‍, മഷൂദ് വി.സി. (ചാലിയാര്‍ ദോഹ, ചീഫ് അഡൈ്വസര്‍), ചന്ദ്രമോഹന്‍ പിള്ള, കെ.ആര്‍. ജയരാജ് (മുന്‍ കെ.ബി.എഫ്. പ്രസിഡന്റ്), റഷീദ് അഹമ്മദ് (പ്രസിഡന്റ്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭാംഗം), അഡ്വ. സക്കറിയ, ആദില്‍ ഒ.പി. എന്നിവരടക്കമുള്ള പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ പങ്കെടുത്തു.

പങ്കെടുത്ത എല്ലാ നേതാക്കളും ക്യു.എഫ്.എം റേഡിയോ ശൃംഖല പ്രവാസി സമൂഹങ്ങള്‍ക്ക് നല്‍കുന്ന ഉറച്ച സേവനത്തെ പ്രശംസിക്കുകയും, ഖത്തറിന്റെ ബഹുസാംസ്‌കാരിക മാധ്യമ അന്തരീക്ഷത്തെ സ്റ്റേഷന്‍ പരിവര്‍ത്തനം ചെയ്തതിനെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു. നെറ്റ്വര്‍ക്കിന്റെ ഭാവി വിപുലീകരണത്തിനും തുടര്‍ വിജയത്തിനും അവര്‍ ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button