മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ടൂറിസം രംഗത്തും വ്യോമഗതാഗത രംഗത്തും നൂതനവും ലോകോത്തരങ്ങളുമായ സംവിധാനങ്ങളിലൂടെ ഖത്തര്‍ ചരിത്രം രചിക്കുന്നു. കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോള്‍ പ്രതിരോധത്തിന്റെ കാര്യക്ഷമമായ കവചങ്ങള്‍ തീര്ത്ത്് യാത്ര സാധ്യമാക്കിയ ഖത്തറിന്റെ അഭിമാനമായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറുന്നു. ദീര്‍ഘകാലമായി ദുബൈക്കുണ്ടായിരുന്ന ഈ സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ട്രാവല്‍ അനലിറ്റിക്സ് സ്ഥാപനമായ ഫോര്‍വേഡ് കീസിന്റെ പുതിയ ഗവേഷണമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
2021 ജനുവരി 1 നും ജൂണ്‍ 30 നും ഇടയിലുള്ള കാലയളവില്‍ ദോഹ വഴിയുള്ള വ്യോമഗതാഗതം ദുബൈ വഴിയിലുള്ളതിനേക്കാള് 18 ശതമാനം കൂടുതലായിരുന്നു. ഇതാദ്യമായാണ് ഹമദ്് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ദുബൈയെ മറി കടക്കുന്നത്. ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021 രണ്ടാം പകുതിയില്‍ ദോഹയിലൂടെയുള്ള ബുക്കിംഗുകള്‍ ദുബായിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്.
ഖത്തറുമായി ബഹ്റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ മൂന്നരവര്‍ഷത്തെ ഉപരോധം നീക്കിയതും ”കോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി റൂട്ടുകളില്‍ സര്‍വീസ് നടത്തിയതും ഖത്തറിന് ഗുണകരമായി.
വിപണി വിഹിതത്തിന്റെ കാര്യത്തില്‍ ദോഹ ”ദുബൈ അബുദാബി എന്നിവയ്ക്കെതിരായ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തി” എന്നും ഗവേഷണം വ്യക്തമാക്കുന്നു. 2021 ഹബ് ട്രാഫിക്കിന്റെ ആദ്യ പകുതിയില്‍ 33 ശതമാനം ദോഹ, 30 ശതമാനം ദുബൈ, 9 ശതമാനം അബുദാബി എന്നിങ്ങനെയാണ് . 2019 ന്റെ ആദ്യ പകുതിയില്‍് 21 ശതമാനം ദോഹ, 44 ശതമാനം ദുബൈ, 13 ശതമാനം അബുദാബി എന്ന രീതിയിലായിരുന്നു മാര്‍ക്കറ്റ് ഷെയര്‍.