ഷൈജല്‍ ഒടുങ്ങാക്കാട്, തനതായ മാപ്പിള ശീലുകളുടെ തോഴന്
അമാനുല്ല വടക്കാങ്ങര
ഖത്തറില്‍ പ്രവാസിയായ ഷൈജല്‍ ഒടുങ്ങാക്കാട്, തനതായ മാപ്പിള ശീലുകളുടെ തോഴനാണ് .ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷൈജലുമായി കൂടിക്കാഴ്ച നടത്തിയത്. ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും അറബി വീട്ടില്‍ ഡ്രൈവറായാണ് ജോലി ചെയ്യുന്നതെങ്കിലും മാപ്പിളപ്പാട്ടുകളെക്കുറിച്ചും തനത് ശൈലികളെക്കുറിച്ചുമൊക്കെയുള്ള ഈ കവിയുടെ ഗ്രാഹ്യവും കാഴ്ചപ്പാടും നമ്മെ അത്ഭുതപ്പെടുത്തും.
കോഴിക്കോട് വയനാട് ബോര്ഡറില് വ്യാപാരിയായിരുന്ന വള്ളിക്കെട്ടുമ്മല്‍ അബൂബക്കറിന്റേയും സൈനബയുടേയും രണ്ടാമത്തെ മകനായാണ് ഷൈജന്‍ ജനിച്ചത്. എസ്. എസ്. എല്‍. സി പാസായെങ്കിലും തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ടെയ്ലറിംഗ്, ഡ്രൈവിംഗ് തുടങ്ങി പല മേഖലകളിലും ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ദുബൈയിലേക്ക് വിസ കിട്ടിയത്. ദുബൈ, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി ഇതിനകം രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു.
ചെറുപ്പം മുതലേ മാപ്പിളപ്പാട്ടുകളോട് ആഭിമുഖ്യമുണ്ടായിരുന്നു. പാട്ടുകള്‍ കേട്ടും പാടിയും മല്‍സരത്തില്‍ സമ്മാനം നേടിയുമൊക്കെയാണ് വളര്‍ന്നത്. പലപ്പോഴും മാപ്പിളപ്പാട്ടുകള്‍ നാവിന് തുമ്പില്‍ വന്നിരുന്നെങ്കിലും സ്വന്തമായി എഴുതി തുടങ്ങിയത് ഖത്തറിലെത്തിയ ശേഷമാണ് . രാഷ്ട്രീയ ഗാനങ്ങള്‍, ആശംസ ഗാനങ്ങള്‍, കല്യാണ പാട്ടുകള്‍ എന്നിങ്ങനെ ആയിരക്കണക്കിന് പാട്ടുകളാണ് ഈ അനുഗ്രഹീത തൂലികയില്‍ നിന്നും ഉതിര്‍ന്നുവീണത്.
യഥാര്‍ത്ഥ മാപ്പിള പാട്ട് ഇശല്‍ ,ഭാഷ,സാഹിത്യം,പ്രാസം എന്നിവ കൂടി ചേര്‍ന്നതാണെന്നും ഇവ ഒത്തുവരുന്ന ലക്ഷണമൊത്ത പാട്ടുകളാണ് തനതായ മാപ്പിളപ്പാട്ടുകളായി പരിഗണിക്കുന്നതെന്നുമാണ് ഷൈജല്‍ കരുതുന്നത്. ഇത്തരത്തില്‍ ലക്ഷണമൊത്ത നൂറിലധികം മാപ്പിളപ്പാട്ടുകള്‍ ഷൈജലിന്റേതായി ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷരീഫ്, രെഹ്ന, ബല്ഖീസ്, ബെന്‍സീറ, സജ്ന സതീഷ്, ഫിദ ബഷീര്‍, ഹകീം പുല്പറ്റ , ഷാദിയ ഹകീം. ഇബ്രാഹിം മേപ്പള്ളി മുതലായവരൊക്കെ ഷൈജലിന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
മദ്രസയില്‍ പഠിച്ചിരുന്ന കാലത്ത് സൈനുദ്ധീന്‍ ഉസ്താദാണ് മാപ്പിളപ്പാട്ടില്‍ ആദ്യം പരിശീലനം നല്‍കുകയും മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തതെന്ന് ഷൈജല്‍ നന്ദിയോടെ ഓര്‍ക്കുന്നു.
മഹാകവി മോയിന്‍കുട്ടി വൈദ്യര്, കുഞ്ഞായിന്‍ മുസ്ലിയാര്, ഖാളി മുഹമ്മദ് തുടങ്ങി പൂര്‍വ്വസൂരികളായ മാപ്പിള മഹാകവികള്‍ പടുത്തുയര്‍ത്തിയ മഹത്തായ മാപ്പിളപ്പാട്ടു രചനാ സമ്പ്രദായങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് അവയോട് ചേര്‍ന്നു നില്ക്കാന് കാണിക്കുന്ന മിടുക്കാണ് ഷൈജല്‍ ഒടുങ്ങാക്കാടെന്ന യുവ കവിയെ വ്യത്യസ്തനാക്കുന്നത്. തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ട് മേഖലയില്‍ തനിമ ഒട്ടും ചോര്‍ന്നു പോകാത്ത നിരവധി രചനകള്‍ ആതൂലികയില്‍ നിന്നും പിറവി എടുത്തിട്ടുണ്ട്
പ്രശസ്ത ഗ്രന്ഥകാരനും നിരൂപകനും കവിയുമായ ഹസന് മാസ്റ്റര്‍ നെടിയനാട്,മാപ്പിള കവി ബദറുദ്ധീന്‍ പാറന്നൂര്‍, എം.എച്ച്. വള്ളുവാങ്ങാട്, ബക്കര്‍ പന്നൂര്, നസ്റുദ്ധീന് മണ്ണാര്‍ക്കാട്, തുടങ്ങിയവരില്‍ നിന്നാണ് മാപ്പിളപ്പാട്ടിന്റെ ഇശലുകളും രചനാ നിയമങ്ങളും കവി മനസിലാക്കിയത്. ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ് സിന് തളിക്കുളം നല്കുന്ന പിന്തുണയും സര്‍ഗസപര്യയിലെ ചാലകശക്തിയാണ് . സഹൃദയ സുഹൃത്തുക്കളായ അബ്ദുറൗഫ് കൊണ്ടോട്ടി,നവാസ് അലി, ബഷീര്‍, അനീസ്, അലവി വയനാടന്‍, ഷഫീര്‍ വാടാനപ്പള്ളി, അബൂബക്കര്‍ തുടങ്ങിയവരേയും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ.
ഇസ്ലാമിക ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം മുതലായവയെ കേന്ദ്രീകരിച്ചാണ് ഷൈജല്‍ മിക്കവാറും പാട്ടുകളെഴുതാറുള്ളത്. ഒഴിവ് സമയം വായിച്ച് പഠിച്ചും പാട്ടുകള്‍ കേട്ടുമൊക്കെയാണ് ഷൈജല്‍ സാര്‍ഥകമാക്കുന്നത്. ഇശാറത്ത്, ഇഖ്റഅ്, കിനാവിലെ മദീന, മദീനയുടെ മുഅദ്ദിന്, സന്മാര്ഗം , എന്റെ ഇലാഹ്, തിങ്കളില്‍ മങ്കലം തുടങ്ങിയവ ഷൈജലിന്റെ ശ്രദ്ധേയമായ പാട്ടുകളാണ് .
മാപ്പിളപ്പാട്ടിലെ പൂര്‍വ സൂരികളുടെ പാരമ്പര്യവും ശൈലിയും നിലനിര്‍ത്തുന്ന തരത്തിലുള്ള കവിതകളും പാട്ടുകളും തീര്‍ക്കുള്ള സര്‍ഗപ്രപഞ്ചമാണ് ഷൈജല്‍ ഒടുങ്ങാക്കാട് എന്ന മാപ്പിള കവിയുടെ സവിശേഷത. സുമയ്യ ബീവി ചരിത്രം, ജല്ല ജലാല്‍, ഉമര്‍ ഖാളി, റസൂലിന്റെ വഫാത്ത് തുടങ്ങിയ ഏതാനും വര്‍ക്കുകള്‍ ഉടന്‍ പുറത്തുവരുമെന്ന് ഷൈജല്‍ പറഞ്ഞു.
മാനവ സ്നേഹത്തിന്റെ ഉജ്വല മാതൃകയിലൂടെ സമൂഹ മനസില്‍ സ്ഥാനം നേടിയ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപദാനങ്ങള്‍ കോര്‍ത്തിണക്കി സീറത്തു സയ്യിദ് ശിഹാബിയ്യ എന്ന പേരില്‍ മാലപാട്ട് കോര്‍ത്തും ഷൈജല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
മിതഭാഷിയും സ്മിതഭാഷിയുമായിരുന്ന ശിഹാബ് തങ്ങളുടെ അപദാനങ്ങള്‍ കൊരുത്ത കവനങ്ങള്‍ മലയാളത്തില്‍ സുലഭമാണെങ്കിലും ഒറ്റയൊറ്റയായി കേട്ട അത്തരം പാട്ടുകളില്‍ നിന്നും വേറിട്ട അനുഭൂതി പകരുന്നതാണ് സീറത്തു സയ്യിദുശ്ശിഹാബിയ്യ: എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുപിടി മികച്ച മാപ്പിളപ്പാട്ടുകള്‍ മലയാളത്തിനേകിയ ഷൈജല്‍ ഒടുങ്ങാക്കാട് എന്ന കവിയുടെ തനതായ മാപ്പിള പാട്ടിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ ദീര്‍ഘ കവനത്തിന്റെ ചാരുത പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ നിമിത്തമായതെന്ന് കരുതുന്നു.
ഓരോ നാട്ടിലുമുള്ള പാട്ടുകള്‍ക്ക് കെട്ടിലും മട്ടിലും നിയതമായ ചിട്ടവട്ടങ്ങളുണ്ടാകും. നമ്മുടെ പാട്ടു പ്രസ്ഥാനത്തിലും മോന, എതുക മുതലായ പ്രാസ നിഷ്ഠകള്‍ ഉണ്ട്.
വരികളുടെ ആദ്യാന്തങ്ങളിലെ പ്രാസം മാത്രമല്ല, ഒരു ഗാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യമായ നിയമനിഷ്ഠയോടെ പ്രാസാലങ്കാരം ആവശ്യമുള്ള രചനയാണ് മാപ്പിളപ്പാട്ട്.
കേള്‍ക്കാന്‍ മാത്രം ഇമ്പമുണ്ടായാല്‍ പോര, വായിക്കുമ്പോഴും ആഹ്ലാദത്തിന്റെ മയില്‍ ഏഴഴകുള്ള പീലി വിടര്‍ത്തിയാടണമെങ്കില്‍ പ്രസ്തുത മാപ്പിളപ്പാട്ട് പൂര്‍വ്വ കവികള്‍ നിഷ്കര്‍ഷിച്ച രചനാസരണിയിലൂടെത്തന്നെ മുന്നോട്ട് പോകല്‍ അനിവാര്യമാണ്.
കമ്പി ( ആദ്യാക്ഷര പ്രാസം), കഴുത്ത് (മൊഴികളിലെ ദ്വിതീയാക്ഷര പ്രാസം), വാല്‍ക്കമ്പി ( അന്ത്യാക്ഷര പ്രാസം), വാലുമ്മല്‍ കമ്പി (അന്താദി പ്രാസം), ചിറ്റെഴുത്ത് (അനുപ്രാസം) തുടങ്ങി ഒട്ടേറെ ചിട്ടകളുണ്ട് മാപ്പിളപ്പാട്ടു രചനാ സമ്പ്രദായത്തില്‍ എന്ന വിവരമുള്ളയാളാണ് ഷൈജല്‍ ഒടുങ്ങാക്കാടെന്ന് ശിഹാബ് തങ്ങള്‍ സീറയുടെ പ്രഥമ വായനയില്‍ തന്നെ ബോധ്യമാകുന്നതാണ്.
ഭൂമി ലോകത്തേക്കു വന്ന മനുഷ്യനെ കപ്പലിനോടുപമിച്ച് അവന്റെ ചിന്താമണ്ഡലത്തില്‍ ആന്ദോളനങ്ങളുണ്ടാക്കിയ കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പപ്പാട്ടിന്റെ ഇശലിലാണ് ഷൈജല്‍, ശിഹാബ് തങ്ങള്‍ സീറയെ വരച്ചു വച്ചിരിക്കുന്നത്.
ഈരടി മൊഴിയായി കല്പിക്കുന്ന ആകര്‍ഷകമായ ഒരിശലാണ് കപ്പപ്പാട്ട്. മറ്റൊരാളുടെ ജീവിതത്തെ കൃത്യമായി ആവിഷ്ക്കരിക്കാന്‍ ഗദ്യരീതി ദുഷ്ക്കരമാകാറില്ല. എന്നാല്‍ അത് പദ്യരൂപേണ പറയേണ്ടി വരുമ്പോഴാണ് പേന ഒടിച്ചു മടക്കി പിന്‍വലിയേണ്ടി വരുന്നത്. ഇവിടെയാണ് ഈ കവിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ മാറ്റ് എത്രത്തോളമാണെന്ന് അനുവാചകര്‍ക്ക് ബോധ്യപ്പെടുക.
വിരസമായ പ്രവാസ ദിനങ്ങളെ മനോഹരങ്ങളായ പാട്ടുകളെഴുതിയും കേട്ടും സംഗീത സാന്ദ്രമാക്കുന്ന ഈ മാപ്പിള കവി പ്രവാസലോകത്തിന് തന്നെയൊരനുഗ്രഹമാണ് .
സറീനയാണ് ഭാര്യ. റന ഫാത്തിമ, സന ഫാത്തിമ, റസ ഫാത്തിമ എന്നിവര്‍ മക്കളാണ് .