ഖത്തറില്‍ യൂറോപ്യന്‍ യൂണിയന് ഡെലിഗേഷന് ഓഫീസ് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറി-യൂറോപ്യന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് അവരെ മുന്നോട്ട് നയിക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ നവീകരിക്കുന്നതിനുമായി യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിന്റെ ഖത്തര്‍ ഓഫീസ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ 2 ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന് അല്‍ ഹമ്മാദി, യൂറോപ്യന്‍ യൂണിയനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ മാല്‍കി, ഖത്തറിലെ യൂറോപ്യന്‍ യൂണിയന് നിയുക്ത അംബാസഡര്‍ ഡോ. ക്രിസ്റ്റ്യന്‍ ട്യൂഡര്‍ എന്നിവര്‍ പങ്കെടുത്തു.
തന്റെ ഇപ്പോഴത്തെ ഖത്തര്‍ സന്ദര്‍ശനവും ദോഹയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനവും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ സുപ്രധാന അടയാളമാണെന്ന് ഈ അവസരത്തില്‍ നടത്തിയ പ്രസംഗത്തില്‍ ചാള്‍സ് മൈക്കല്‍ പറഞ്ഞു.
ഊര്‍ജ മേഖലകളിലും സാമ്പത്തിക വികസനത്തിലും ലോകം ആഗോള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഖത്തറുമായുള്ള സഹകരണം വിവിധ പ്രയാസകരമായ വെല്ലുവിളികളെ സംയുക്തമായി അതിജീവിക്കാനുള്ള പ്രധാന മാര്‍ഗമാണെന്ന ബോധ്യം ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ ഉദ്യോഗസ്ഥരുമായി താന്‍ നിരവധി മീറ്റിംഗുകളും രാഷ്ട്രീയ കൂടിയാലോചനകളും നടത്തിയിട്ടുണ്ടെന്നും പൊതു താല്‍പ്പര്യമുള്ള സുപ്രധാന വിഷയങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതായും മിഷേല്‍ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂണിയനും ഖത്തറും എല്ലാ മേഖലകളിലും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.