ലോകകപ്പിന് തിരശ്ശീല താഴുമ്പോള്‍ ഖത്തര്‍ ജനതയ്ക്ക് ഇരട്ടി മധുരം
ജോണ്‍ഗില്‍ബര്‍ട്ട്, ദോഹ
ഈ വര്‍ഷത്തെ ഡിസംബര്‍ 18 ദേശീയദിനം ഖത്തര്‍ ജനതയ്ക്കും,ഫുട്‌ബോള്‍ ആരാധകര്‍ക്കും ആഹ്‌ളാദത്തിന്റേയും , ആഘോഷങ്ങളുടേയും ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.
ഒരുമാസത്തോളം നീണ്ടുനിന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവസാനമത്സരത്തില്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിടാനുള്ള പോരാട്ടത്തില്‍ കാല്‍പന്തുകളിയുടെ രാജാക്കന്മാരുടെ ടീമുകള്‍ തമ്മില്‍ മാറ്റുരയ്കുമ്പോള്‍ , ദേശീയദിനാഘോഷങ്ങളുടെ നിറവില്‍ , ഖത്തറിലെ ഫുട്‌ബോള്‍ ആരാധകരും,സ്വദേശികളും , പ്രവാസി സമൂഹങ്ങളും ഒരുപോലെ ആഘോഷങ്ങളുടെ സ്പന്ദനങ്ങള്‍ ഏററുവാങ്ങി ആഹ്‌ളാദത്തിന്റെ ഇരട്ടിമധുരം അനുഭവിക്കുകയാണ്.
ഒരുപതിറ്റാണ്ടിലേറെ നീണ്ട മുന്നൊരുക്കങ്ങളിലൂടെ ലോകോത്തര നിലവാരത്തില്‍ ഇരുപത്തിരണ്ടാം ലോകകപ്പിന് ആതിഥ്യമൊരുക്കി ഏറ്റവും മികച്ച സംഘാടനമികവുകൊണ്ട് വിജയഗാഥതീര്‍ത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഖത്തര്‍.
ലോകോത്തരനിലവാരത്തില്‍ പണിതീര്‍ത്ത എട്ടു സ്റ്റേഡിയങ്ങളിലായി നടന്ന എല്ലാ മത്സരങ്ങളും ആരാധക ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞതായിരുന്നു.
മുപ്പത് ലക്ഷത്തോളം ആരാധകരും സന്ദര്‍ശകരും ഈ മാമാങ്കത്തിന്റെ ഭാഗമായി ആവേശത്തോടെ സ്റ്റേഡിയങ്ങളിലേയ്ക്ക് ഒഴുകിയെത്തി സമാധാനത്തോടെ , സുരക്ഷിതമായി മത്സരങ്ങള്‍ വീക്ഷിച്ച് സന്തോഷത്തോടെ മടങ്ങിയത് ലോകകപ്പിന്റെ ചരിത്രത്തില്‍ ഖത്തറിന് മാത്രം അവകാശപ്പെട്ട റെക്കോര്‍ഡായി ഫിഫയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തും.
ദിനംപ്രതി സന്ദര്‍ശകര്‍ക്കും, ആരാധകര്‍ക്കും , താമസകാര്‍ക്കുമായി വിവിധ ഫാന്‍ സോണുകളിലും, സാംസ്‌കാരിക കേന്ദ്രങ്ങളിലും സംഘടിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികള്‍ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും ,പരിപാടികളുടെ നിലവാരം കൊണ്ടും വളരെ ഗംഭീരമായിരുന്നു.
ജാതിമത വര്‍ണ്ണ ദേശ ഭാഷകള്‍ക്കതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റേയും ,സ്‌നേഹത്തിന്റേയും ,സമഭാവനയുടേയും സന്ദേശം കൂടി ലോകത്തിന് നല്‍കുന്നതാണ് കാല്‍പന്ത് കളി.
വ്യത്യസ്ത രാജ്യങ്ങളില്‍,സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ ഒരേ വേദിയിലിരുന്ന് ഒന്നിക്കുന്ന, ഒരുമിച്ച് ആഹ്‌ളാദിക്കുന്ന, ഒരുമിച്ച് കണ്ണീരൊഴുക്കുന്ന, ഒരേ വികാരം പ്രകടിപ്പിക്കുന്ന ഒരേയൊരു കളിയാണ് കാല്‍പന്ത്, അതിന്റെ സപ്ന്ദനങ്ങളും,ആഹ്‌ളാദാരവങ്ങളും, ആര്‍പ്പുവിളികളും, നെഞ്ചിലേറ്റുവാങ്ങി വിജയക്കൊടി പാറിച്ച് അഭിമാന പുരസ്സരം ലോകത്തിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഖത്തറിന് കഴിഞ്ഞതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.
ചില സ്ഥാപിത താല്‍പര്യക്കാരുടെ അടിസ്ഥാനമില്ലാത്ത നുണ പ്രചരണങ്ങളെല്ലാം കേവലം നിഷ്ഫലമായ പാഴ് വേലകള്‍ മാത്രമായിരുന്നുവെന്ന് അനുഭവത്തിലൂടെ ലോകത്തിന് ബോധ്യമായത് വിജയത്തിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടിയായി ഖത്തറെന്ന ഈ കൊച്ചുരാജ്യത്തിന്.
ധാരണകളേയും, മുന്‍വിധികളേയും,വിദ്വേഷ പ്രചരണങ്ങളേയും കാറ്റില്‍ പറത്തികൊണ്ട് ഖത്തറി സമൂഹവും, പ്രവാസി സമൂഹങ്ങളും മറ്റെവിടേയും കണ്ടീട്ടില്ലാത്തവിധം രാജ്യത്തിന് നല്‍കിയ നിര്‍ലോഭമായ പിന്തുണയും പങ്കാളിത്തവും ലോക കപ്പിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കാനുള്ള പുതിയൊരദ്ധ്യായം കൂടിയായി .
ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പല പ്രശസ്ത ടീമുകളുടേയും അപ്രതീഷിത തോല്‍വികളും, വിജയങ്ങളും ,പുറത്തുപോക്കുകളും , പൊട്ടികരച്ചിലുകളും നടന്ന ഖത്തറിന്റെ സ്റ്റേഡിയങ്ങളില്‍ അത് നേരിട്ട് വീക്ഷിച്ചത് ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവെയ്കാനുള്ള അനുഭവങ്ങളായി.
പുതിയ നായകരുടെ പിറവിയും ,തിളങ്ങി നില്‍ക്കുന്ന പല താരങ്ങളുടെ ലോക കപ്പ് മത്സരങ്ങളില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപനങ്ങളുടെയും വേദി കൂടിയായി ഖത്തര്‍ ലോക കപ്പ് മാറിയതും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആരാധകര്‍ക്ക് എഴുതി ചേര്‍ക്കാനുളള പുതിയ ഏടുകളായി.
പ്രീ കോര്‍ട്ടറില്‍ ക്രൊയേഷ്യയോട് പൊരുതി തോറ്റ് പുറത്തുപോയ ബ്രസീലിന്റെ താരം നെയ്മര്‍ ഹൃദയം തകര്‍ന്ന് കരഞ്ഞുകൊണ്ട് കളം വിടുന്ന കാഴ്ചകണ്ട് മൈതാന മദ്ധ്യത്തിലേക്ക് ഓടിവന്ന് നെയ്മറുടെ തോളില്‍തട്ടി കെട്ടിപിടിച്ചാശ്വസിപ്പിക്കുന്ന ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിക്കിന്റെ കൊച്ചുമകന്‍ വിശ്വമാനവികതയുടെ പ്രതീകം കൂടിയായി.
കളിക്കാരേയും,കാണികളേയും ഒരുപോലെ കണ്ണീരണിയിച്ച ഈദൃശ്യം മറ്റൊരു ലോക കപ്പിലും കാണാനിടയില്ലാത്ത വേറിട്ട കാഴ്ചയായി.
കോര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത് പോയ ജപ്പാന്റെ ആരാധകര്‍ കളികഴിഞ്ഞ് കാലിയായ കസേരകളും ഗാലറികളും സ്വപ്രേരണയാല്‍ വൃത്തിയാക്കി മാതൃക കാണിച്ചത് ലോക ശ്രദ്ധ പിടിച്ചപറ്റി.
‘ഗക്കൊ സോജി’ അഥവാ സ്‌കൂള്‍ ക്‌ളെന്‍സിംഗ് എന്ന പേരില്‍ ജപ്പാനില്‍ അറിയപ്പെടുന്ന ഈ ചിട്ട പരിസരശുദ്ധീകരണവും, അന്തരീക്ഷശുദ്ധിയും മാനവരാശിയുടെ നിലനില്‍പ്പിന്റെ ഘടകങ്ങളില്‍ പ്രധാനമാണെന്ന സന്ദേശം നല്‍കുന്നു. ഈ പ്രവൃത്തി സ്‌കൂള്‍ തലത്തില്‍ ഒന്നാം ക്‌ളാസ് മുതല്‍ ജപ്പാനില്‍ കുട്ടികളെ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ്. എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ് ഈ പദ്ധതി.
തോറ്റു പുറത്തുപോയ 2018 ലെ ലോക കപ്പിലും ജപ്പാന്‍ ആരാധകര്‍ ഈ പദ്ധതി നടപ്പിലാക്കി കൊണ്ട് ആതിഥേയര്‍ക്ക് നന്ദിയും പറഞ്ഞ് മാതൃക കാട്ടിയാണ് മടങ്ങിയിരുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് സെമി ഫൈനലിലെത്തി തീ പാറുന്ന മത്സരങ്ങള്‍ കാഴ്ചവച്ച് ഫ്രാന്‍സിനോട് കീഴടങ്ങി ചരിത്രംകുറിച്ച മൊറോക്കയുടെ താരം ഹക്കിമിയും ഫ്രാന്‍സിന്റെ താരം എംബാപ്പെയും തങ്ങള്‍ അണിഞ്ഞിരുന്ന ജഴ്‌സികള്‍ പരസ്പരം മാറി അണിഞ്ഞ് ആശ്‌ളേഷിച്ച് ആരാധകരെ അഭിവാദ്യം ചെയ്യുന്നത് എല്ലാവരുടേയും കയ്യടി വാങ്ങിയ നേടിയകാഴ്ചയായിരുന്നു.
തോറ്റവരും,ജയിച്ചവരും തമ്മില്‍ കൈമാറിയ സമഭാവനയുടെ ഈ സന്ദേശം വിശ്വസാഹോദര്യത്തിന്റേയും,സഹിഷ്ണതയുടേയും , പരസ്പര ബഹുമാനത്തിന്റേയും ഉന്നത മാതൃകയായിാണ് ലോകം കണ്ടത്.
ഖത്തര്‍ ആതിഥ്യമരുളി വിജയഗാഥ രചിച്ച ഈ ലോക കപ്പിന്റെ വ്യത്യസ്ത തലങ്ങളില്‍ ഭാഗഭാക്കാകാനും,പങ്കുവഹിക്കാനും അവസരം കിട്ടിയത് നൂറുകണക്കിന് ഇന്ത്യകാര്‍ക്കാണ് അതിലേറെയും മലയാളികളുമാണ്. ലോക കപ്പ് ഖത്തറിലെത്തിയതുകൊണ്ട് മാത്രം കൈവന്ന ഈ അപൂര്‍വ്വ അവസരങ്ങള്‍ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നവരാണ് എല്ലാവരും.
വികസന രംഗത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ ഏററവും വലിയ മാമാങ്കത്തിന് ഖത്തറിന്റെ മണ്ണില്‍ വേദിയൊരുക്കി
ഒരുപാട് പുത്തനനുഭവങ്ങളുടെ പവിഴ മുത്തുകള്‍ ഹൃദയചെപ്പില്‍ സൂക്ഷിക്കാന്‍ അസുലഭ അവസരങ്ങള്‍ നല്‍കിയ ഖത്തറിനും ഫിഫക്കും എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.
ഫിഫ ലോക കപ്പിന്റെ നടത്തിപ്പില്‍ സംഘാടന മികവിലൂടെ വ്യത്യസ്ഥതകളുടേയും, സവിശേഷതകളുടേയും പുതിയ അനുഭവങ്ങളും ,അറിവുകളും സ്രൃഷ്ടിച്ച് ഫിഫയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ വിജയഗാഥ രചിച്ച ഖത്തറിനും, കാല്‍പന്തുകളിയുടെ
വിശ്വകിരീടം ചൂടി സ്വര്‍ണ്ണകപ്പില്‍ മുത്തമിടുന്ന ടീമിനും,പങ്കെടുത്തമുഴുവന്‍ ടീമുകള്‍ക്കും എല്ലാ നന്മകളും വിജയങ്ങളും ആശംസിക്കുന്നു.
ഒപ്പം ഖത്തറിലെ മുഴുവന്‍ ജനതയ്ക്കും ഇരട്ടിമധുരമായി ദേശീയദിനാശംസകളും നേരുന്നു.
മനോഹരമായ ലുസൈല്‍ സ്റ്റേഡിയത്തില്‍, കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തിന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സമാപനാഘോഷങ്ങള്‍ക്കായി ഖത്തര്‍ കാത്തുവച്ചിരിക്കുന്ന ‘ഓര്‍മ്മിക്കാനൊരു രാവ്’ (A Night to remember)
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ ചിപ്പിയിലൊളിപ്പിച്ച മറ്റൊരു മുത്തുകൂടിയാകമെന്നുറപ്പാണ്.